Wednesday, March 14, 2012

അഭിസാരികയും കറിവേപ്പിലയും

അച്യുതാനന്ദന്  സിന്ധു ജോയിയെ കണ്ടാല്‍ കലിയിളകും.ഒരുത്തി എന്ന് വിളിക്കും.അഭിസാരിക എന്നും വിളിക്കും.കറിവേപ്പില എന്നാണ് ഉദ്ദേശിച്ചത് എന്നും പറയും.
അച്ചുതാനന്ദന്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ രക്ഷക്ക് അവതരിച്ചതാണ്.പക്ഷെ,
നവെടുത്താല്‍ സ്തീകളെ പുലഭ്യം പറയും.മൈക്ക് കിട്ടിയാല്‍ പെണ്‍വാണിഭക്കാരെ
നാവു കൊണ്ട് വെടി വെക്കും.കയ്യാമവും വെക്കും.
മൂപ്പര്‍ക്ക് എന്തും പറയാം.നാക്ക്‌ കൊണ്ട് സ്ത്രീകളെ പീഡിപ്പിക്കാം.പൊതു സമൂഹത്തില്‍ അപമാനിക്കാം.


മുമ്പ് മലമ്പുഴയില്‍ തനിക്കെതിരെ മത്സരിച്ച ലതികാ സുഭാഷിനെ അവഹേളിച്ചു,സംഗതി കേസായി.
കേസ് പിന്നെ ഇല്ലാതായി.പക്ഷെ സമൂഹം അച്യുതാനന്ദനെ തിരിച്ചറിഞ്ഞു.ഇപ്പോള്‍ സിന്ധു ജോയിക്ക്  നേരെയാണ്.വല്ല കാര്യവും ഉണ്ടോ?


അഴിമതിക്കെതിരെ യുദ്ധം നയിക്കുന്ന അച്യുതാനന്ദന്‍ താനും മകനും ഉള്‍പ്പെട്ട കേസുകെട്ടുകളാല്‍ സമ്പന്നമായ പൊതുചര്‍ച്ചയില്‍ നിന്ന് തടിയൂരാന്‍ കടന്നു പിടിച്ചതാണ് സിന്ധുവിനെ.തന്നെ കറിവേപ്പില പോലെ വലിച്ചെറിയാന്‍ നടക്കുന്ന സ്വന്തം പാര്‍ടി നേതാക്കന്മാരെ
പുലിവാല്‍ പിടിപ്പിക്കുകയുമാവാം.


തന്റെ അഭിസാരിക പ്രയോഗത്തിനെതിരെ ഉയരുന്ന പ്രതിഷേധം പിറവത്ത് പാര്‍ട്ടിയെ പ്രതിരോധതിലാക്കും.അങ്ങനെ വന്നാല്‍ പിറവത്ത് പാര്‍ട്ടി തോല്‍ക്കും.തോറ്റാല്‍ ഒന്ന് പൊട്ടിച്ചിരിക്കുകയുമാവാം.ഒരു വെടിക്ക് എത്ര പക്ഷികള്‍.
അച്യുതാനന്ദന്‍ ആരാ മോന്‍?





Tuesday, November 29, 2011

മുല്ലപ്പെരിയാര്‍.....!

മുല്ലപ്പെരിയാര്‍.........ദുര്‍ബലമെന്നു എല്ലാവര്‍ക്കും അറിയാം.രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ എല്ലാവരും മറന്നതാണ്.അല്ല,മറന്നതായി അഭിനയിച്ചതാവണം.മുപ്പതു ലക്ഷം ജനങ്ങളേക്കാള്‍ വലുതാണല്ലോ അധികാരവും അത് തരുന്ന സുഖവും.

മുല്ലപ്പെരിയാര്‍ ........കേരളത്തിന്‌ വേണ്ടത് ആത്മരക്ഷയാണ്.തമിഴ്‌നാടിന് വേണ്ടത് വെള്ളം മാത്രവും.തമിഴ്‌നാടിന് വെള്ളം കൊടുക്കാം.അതിനു കേരളത്തിലെ ലക്ഷങ്ങള്‍ വെള്ളത്തില്‍ മുങ്ങി മരിക്കണമോ?


മുല്ലപ്പെരിയാര്‍........തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.തര്‍ക്കം ഇതിനു മുമ്പേ തീര്‍ക്കാമായിരുന്നു.എല്ലാം കോടതിക്ക് വിട്ടു രക്ഷപ്പെടുന്ന നേതൃത്വമാണ് പ്രതി.നാട്ടുമധ്യസ്തന്മാരുടെ റോള് പോലും നിര്‍വഹിക്കാന്‍ ആരും ഉണ്ടായില്ലല്ലോ?

മുല്ലപ്പെരിയാര്‍.......ഭൂകമ്പം വന്നപ്പോള്‍ എല്ലാവരും ഞെട്ടി.ഞെട്ടി  ഉണര്‍ന്നപ്പോള്‍  വേവലാതിയായി.ഇനി തീരുമോ പ്രശ്നങ്ങള്‍?അതോ ഈ വേവലാതിയും നാടകമായിതീരുമോ?അങ്ങനെ ആവാതിരിക്കട്ടെ എന്നാണു പ്രാര്‍ത്ഥന.

മുല്ലപ്പെരിയാര്‍.......ജീവഭയത്തോടെ, ഉണ്ണാനും ഉറങ്ങാനുമാവാതെ കഴിയുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരോട് ഐക്യദാര്‍ഡ്യം  പ്രഖ്യാപിക്കുക.അടിയന്തിരമായി പരിഹാരങ്ങള്‍ കാണുക.അത് വരേ ആരും സങ്കുചിത രാഷ്ട്രീയം കളിക്കാതിരിക്കുക.

മുല്ലപ്പെരിയാര്‍.......അതിവൈകാരികത പരിഹാരമാര്‍ഗത്തെ ദുര്‍ബലപ്പെടുത്തും.അടിയന്തിര പരിഹാരത്തിന് രാഷ്ട്രീയ നേതൃത്വം അര്‍പ്പണബോധത്തോടെ രംഗത്തിറങ്ങണം.തമിഴ്നാടിനോട് പറയുക,നിങ്ങള്‍ക്ക് വെള്ളം തരാം.ഞങ്ങള്‍ മലയാളിക്കള്‍ക്കു ജീവിതം നിഷേധിക്കരുത്.

Tuesday, November 22, 2011

മാധ്യമങ്ങളുടെ വിചാരവും വിചാരണയും....തുടര്‍ച്ച

                   'ശിഹാബ് തങ്ങള്‍ മതേതരത്വത്തിന്റെ വക്താവാണ്‌ 'എന്ന ശ്രീ ഓ.രാജഗോപാലിന്റെ പ്രസ്താവനയെ വല്ലാതെ 'ക്രോസ്'ചെയ്ത പ്രസ്തുത അഭിമുഖം,മാറാട് പ്രശ്നത്തില്‍ മുസ്ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിറുത്താനും പ്രത്യേകതാല്‍പ്പര്യം കാട്ടി.'മാറാട് വിഷയത്തില്‍ പ്രതിസ്ഥാനത്ത് ഉണ്ട് എന്ന് സംശയിക്കപ്പെടുന്ന മുസ്ലിംലീഗിന്റെ പ്രസിഡണ്ട്‌ ആയ' ശിഹാബ് തങ്ങള്‍ക്കു മതേതരത്വത്തിന്റെ വക്താവ് എന്ന പട്ടം ചാര്‍ത്തുന്നതിന്റെ 'യുക്തിഭദ്രത'യെ  ശ്രീ വേണു ആവോളം ചോദ്യം ചെയ്തു.മാറാട് വിഷയത്തില്‍ ശിഹാബ് തങ്ങളെ ഒന്നാം പ്രതിയാക്കി സ്ഥാപിച്ചു കിട്ടുകയായിരുന്നോ ഈ ഭേദ്യങ്ങളുടെ ലക്‌ഷ്യം എന്ന് തോന്നിപ്പോകും വിധം അപഹാസ്യമായിരുന്നു പല ചോദ്യങ്ങളും.
                    മാറാട് പ്രശ്നം രമ്യമായി പരിഹരിക്കുന്നതില്‍ ശിഹാബ് തങ്ങളോ,ശ്രീധരന്‍ പിള്ളയോ,മറ്റാരെങ്കിലുമോ നേരിയ പങ്ക്‌ എങ്കിലും നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍,അത് അംഗീകരിച്ചു കൊടുക്കാനുള്ള സന്മനസ്സും,ആളിപ്പടരുമായിരുന്ന ഒരു വിഷക്കാറ്റ് കേട്ടടങ്ങിയതില്‍ ആശ്വസിക്കാനുള്ള വിശാലതയും പ്രകടിപ്പിക്കേണ്ട നേരത്ത് സംഘപരിവാരം പോലും ആരോപിച്ചിട്ടില്ലാത്ത ഒരു കാര്യം മരണത്തിനു ശേഷവും ശിഹാബ് തങ്ങളുടെ മേല്‍ ചാര്‍ത്താനുള്ള ശ്രമം എത്ര ഹീനമായിരുന്നു?പൊതുസമൂഹത്തില്‍ ശിഹാബ് തങ്ങളുടെ നിയോഗം എന്തായിരുന്നുവെന്ന്  ബോധ്യപ്പെടാത്ത ആളല്ല വേണു എന്ന മാധ്യമ പ്രവര്‍ത്തകന്‍.'താങ്കള്‍ എത്ര തവണ ചോദിച്ചാലും ശിഹാബ് തങ്ങളെ ഞാന്‍ തള്ളിപ്പറയില്ല' എന്ന് ശ്രീ രാജഗോപാല്‍ ഈ വിചാരണക്കിടെ തീര്‍ത്ത്‌ പറഞ്ഞപ്പോഴാണ് അവതാരകന്‍ അടങ്ങിയത്.ഇത്തരം ഭേദ്യങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ അംഗീകരിച്ചു കൊടുക്കേണ്ടതുണ്ടോ?
                    ആഗോളീകരണ കാലത്തെ ഉപഭോഗതൃഷ്ണ സ്ത്രീയെ ഉപഭോഗവസ്തുവാക്കി മാറ്റിയിട്ടുണ്ട്."വ്യഭിചാരം'പെണ്‍വാണിഭമായി മാറുന്നത് ഈ ഉപഭോഗ താല്പര്യത്തിന്റെ ഭാഗമായാണ്.ഈ സാമൂഹിക വിപത്തിനെതിരെ മാധ്യമങ്ങള്‍ ഉറച്ച നിലപാട് എടുക്കുന്നത് ആര്‍ക്കും ബോധ്യപ്പെടും.പക്ഷെ ഇത്തരം വാര്‍ത്തകളില്‍ ചിലത് പൂര്‍ണമായി തിരസ്കരിക്കുന്നതും ചിലത് നിരന്തരം പിന്തുടരുന്നതും കാണുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ മുന്നോട്ടു വെക്കുന്ന നിഷ്പക്ഷതയും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
                   സൂര്യനെല്ലി,കവിയൂര്‍,കിളിരൂര്‍,വിതുര,കോഴിക്കോട് എന്നീ പേരുകളില്‍ പ്രമാദമായ സ്ത്രീ പീഡനങ്ങള്‍ കേരളീയ സമൂഹം ഏറെ ചര്‍ച്ച ചെയ്തതാണ്.സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ള പല പ്രമുഖരുടെയും പേരുകള്‍ വിവിധ ഘട്ടങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിയാണ് അന്നത്തെ പ്രതിപക്ഷ നേതാവായ അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദത്തില്‍ എത്തിയത്.
                  കിളിരൂര്‍ കേസിലെ വി ഐ പി വിവാദം യഥാര്‍ത്ഥത്തില്‍ വി എസ് ഉണ്ടാക്കിയതാണ്.അഞ്ചു വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും പ്രസ്തുത വി ഐ പി യെ സമൂഹമധ്യത്തില്‍ തുറന്നു കാട്ടാന്‍ വി എസിന് കഴിഞ്ഞില്ല.ഈ വി ഐ പിയെ കണ്ടെത്താന്‍ ഒരു ദൃശ്യമാധ്യമവും ' സ്റ്റിംഗ് ഓപ്പറേഷന്‍' നടത്തിയില്ല.എന്തുകൊണ്ട്?മകളെ സന്ദര്‍ശിച്ച വി ഐ പികളില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുമെന്ന് കിളിരൂര്‍ കേസിലെ ഇരയുടെ അച്ഛന്‍ മാധ്യമങ്ങളോടും കോടതിയോടും പറഞ്ഞിട്ടും ഒരു ദൃശ്യമാധ്യമവും അത് ചര്‍ച്ചക്ക് വിധേയമാക്കിയില്ല.എന്ത് കൊണ്ട്?കോഴിക്കോട് സ്ത്രീ പീഡന കേസില്‍ ആര് പത്രസമ്മേളനം നടത്തിയാലും 'ഫ്ലാഷ് ന്യൂസ്‌ ' ആകുമ്പോള്‍ കിളിരൂര്‍ കേസിലെ ഇരയുടെ അച്ഛന്‍ തന്നെ രംഗത്ത് വന്നിട്ടും അക്കാര്യം ചര്‍ച്ച  ചെയ്യാന്‍ 'സ്റ്റുഡിയോ'കളില്‍ പ്രഗല്‍ഭരെ ക്ഷണിച്ചില്ല.എന്തുകൊണ്ട്?
                     കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ മരണത്തിനു വൈദ്യശാസ്ത്രപരമായ 17 കാരണങ്ങള്‍ ഉണ്ടെന്നു പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച അച്യുതാനന്ദന്‍ ,കേസില്‍ സിബിഐ അന്വേഷണം നടന്നപ്പോള്‍,വി.എസിനെ ചോദ്യം ചെയ്തപ്പോള്‍ തനിക്കൊന്നും അറിയില്ല എന്ന് നിസ്സംഗത പ്രകടിപ്പിക്കുകയായിരുന്നു.സ്ത്രീപീഡകരെ കയ്യാമം വെക്കാന്‍ പ്രതിജ്ഞാബദ്ധനായ വി എസിന്റെ ഈ കാപട്യം ദൃശ്യമാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചയായി വന്നില്ല,'ഇന്ത്യവിഷനി'ലെ ശ്രീമതി വീണ ജോര്‍ജ് ഈ ചോദ്യമുയര്‍ത്തിയെങ്കിലും ചോദ്യം ശ്രീമതി അജിതയോട് ആയതിനാലും അജിത സമര്‍ത്ഥമായി ഒഴിഞ്ഞു മാറിയതിനാലും ഇവ്വിഷയകമായ ചര്‍ച്ച മുന്നോട്ടു പോയില്ല. വി എസ് അച്യുതാന്ദന് തങ്ങള്‍ നിര്‍മിച്ചു കൊടുത്ത പ്രതിച്ചായ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും അച്യുതാനന്ദന് നേരെ വിരല്‍ ചൂണ്ടാന്‍ ധൈര്യപ്പെടില്ലല്ലോ.
                    ഇപ്പോള്‍,കവിയൂര്‍,കിളിരൂര്‍ കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു അച്യുതാനന്ദന്‍.അധികാരം ഉള്ള സമയത്ത് ഒന്നും ചെയ്യാതിരുന്നതിന്റെയും കിളിരൂര്‍ കേസില്‍ അന്വേഷണസംഘത്തിനു മൊഴി കൊടുക്കാതെ ഒളിചോടിയതിന്റെയും കുറ്റബോധമാണോ ഈ പുതിയ വെളിപാടിന് പിന്നില്‍? അതോ ഇത്തരം വിഷയങ്ങള്‍ 'ലൈവ്'ആക്കി നിര്‍ത്താനുള്ള തന്ത്രമോ?
                     ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ പേരില്‍ തങ്ങള്‍ക്കു പ്രത്യേക അജണ്ടകള്‍ ഉള്ള ചില കേസുകളില്‍ 'ഒളികേമറ'യും,അന്വേഷണാത്മകതയും പ്രയോഗിക്കുന്നവര്‍ ഉപരിസൂചിത കേസുകള്‍ക്ക്‌ നേരെ കണ്ണടച്ച് മാധ്യമ ധര്‍മത്തെ അപഹസിക്കുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ ഇരട്ടത്താപ്പ് വകവെച്ചു കൊടുക്കുന്നത് എങ്ങനെ?
                     മാധ്യമങ്ങള്‍ക്ക് ആരെയും വിചാരണ ചെയ്യാമെന്നും തങ്ങളെ ആരും വിമര്‍ശിക്കുകയോ തങ്ങള്‍ക്കു ഒരു നിയമവും നിയന്ത്രണവും ഏര്‍പ്പെടുത്തുകയോ ചെയ്തുകൂടാ എന്നുമുള്ള ധാരണ അംഗീകരിക്കാനാവാത്തതാണ്.ദ്രശ്യമാധ്യമങ്ങള്‍ നിര്‍ണ്ണയിക്കുന്ന അജണ്ടകള്‍ക്ക് അനുസരിച്ച് രാഷ്ട്രീയ വിചാരങ്ങള്‍ രൂപപ്പെടുന്നു എന്ന സ്ഥിതി മാറണം.
                     സാമൂഹികഇടപെടലുകളില്‍ മാധ്യമധര്‍മം പാലിക്കപ്പെടുവോളം മാത്രമേ മാധ്യമങ്ങളുടെ അപ്രമാദിത്വം അംഗീകരിച്ചു കൊടുക്കാനാവൂ.ഇല്ലെങ്കില്‍ സമൂഹത്തിന്റെ മാധ്യമ വിചാരണയും മാധ്യമങ്ങള്‍ അംഗീകരിച്ചു കൊടുക്കേണ്ടിവരും.അത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സൃഷ്ടിക്കുന്ന ബഹളം സ്വാഭാവികമായും അവഗണിക്കേണ്ടിയും വരും. 

Wednesday, November 16, 2011

മാധ്യമങ്ങളുടെ വിചാരവും വിചാരണയും

                    മാധ്യമസ്വാതന്ത്ര്യത്തിന്റെ മറവില്‍,നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ പരിധി വിടുന്നു എന്ന ആക്ഷേപം വ്യാപകമാണ്.വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലും നിര്‍ണ്ണയിക്കപ്പെട്ട ചില മാനദണ്ഡങ്ങള്‍ ഉണ്ട്.അതൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്നാണ്  ദൃശ്യമാധ്യമങ്ങളുടെ ഭാവം.തങ്ങളുടെ അജണ്ടകള്‍ നിര്‍ണ്ണയിക്കാവുന്ന വിധം വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചില വാര്‍ത്തകളെ അതിഭാവുകത്വത്തോടെ പൊലിപ്പിക്കുകയും ചില വാര്‍ത്തകളെ തമസ്കരിക്കുകയും ചെയ്യുന്നു.വാര്‍ത്തകളുടെ മേല്‍ നടത്തിയ കയ്യേറ്റത്തെ സാധൂകരിക്കാന്‍ വാര്‍ത്തയെ ചര്‍ച്ചയാക്കി മാറ്റുന്നു അങ്ങനെ വാര്‍ത്ത‍ തന്നെ ചര്‍ച്ചയും സംവാദവും ആയിത്തീരുന്നു.
                    ഒരു വാര്‍ത്ത‍ വ്യക്തിഹത്യക്ക് /മാനഹാനിക്കു കാരണമാവുകയോ ദുരുദ്ദേശ്യപരമോ ആയാല്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പത്രമധ്യമങ്ങള്‍ക്കുണ്ട്.എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ ഇത്തരം മര്യാദ പാലിക്കുന്നില്ല.പത്രമാധ്യമങ്ങളെപ്പോലെ ദൃശ്യമാധ്യമങ്ങള്‍ക്കും ചില മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കണമെന്ന ആവശ്യം ശക്തമാണ് എങ്കിലും അത്തരം ആവശ്യങ്ങള്‍ ഉയരുമ്പോള്‍ തന്നെ,മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പോകുന്നു എന്ന പ്രചാരണത്തിലൂടെ പ്രതിരോധിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ജഗരൂകരാണ്.
                    ഓരോ ദിവസത്തെയും സംഭവങ്ങള്‍ വാര്‍ത്തകളായി അവതരിപ്പിച്ചിരുന്ന രീതി-ഇന്നും ദൂരദര്‍ശന്‍ തുടരുന്ന മാതൃക-മാറുകയും ചാനല്‍ പ്രളയത്തില്‍ വാര്‍ത്താചാനലുകള്‍ സ്വയംഭൂവാകുകയും ചെയ്തപ്പോള്‍, ദൃശ്യമാധ്യമങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ കിടമത്സരം സംഭവിക്കുകയും വാര്‍ത്തകള്‍ മാധ്യമങ്ങളുടെയോ മാധ്യമപ്രവര്‍ത്തകന്റെയോ സ്വയം നിര്‍ണ്ണിത അജണ്ടകള്‍ക്ക്  ഇരയാവുകയും ചെയ്തു.ഈ അധര്‍മത്തെ മാധ്യമാസ്വതന്ത്ര്യത്തിന്റെ പേരില്‍ സമൂഹം വക വെച്ച് കൊടുക്കണമോ?
                    വാര്‍ത്തകള്‍ മാത്രമല്ല,വാര്‍ത്താധിഷ്ടിത പരിപാടികളും അഭിമുഖസംഭാഷണം വരെ മാ ധ്യധര്‍മ്മത്തിനു നിരക്കാത്ത വിധം കൃത്യമായ അജണ്ടകളോടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.തന്മൂലം ചില സംഭാഷണങ്ങള്‍ പോലും മാധ്യമവിചാരണയായി മാറിയിട്ടുണ്ട്.പ്രമുഖവ്യക്തികളെ അവരുടെ വീക്ഷണങ്ങളും സംഭാവനകളും സമൂഹത്തില്‍ അവതരിപ്പിക്കാനാണ് അവരുമായി അഭിമുഖം നടത്തുന്നത്.അതിനാവശ്യമായ ചോദ്യങ്ങള്‍ ആവാം.ചോദ്യങ്ങളില്‍ സാമര്‍ത്യവും ആകാം.പക്ഷെ ചോദ്യങ്ങള്‍ ഭേദ്യങ്ങള്‍ ആയിതീരുമ്പോള്‍ അഭിമുഖം അരോചകമായിത്തീരും.
                    ദൃശ്യമാധ്യമങ്ങളിലെ അഭിമുഖങ്ങളില്‍ ഏറ്റവും ഹൃദ്യവും മാന്യവുമായത് ജോണി ലൂക്കോസിന്റെ "നേരെ ചൊവ്വേ"(മനോരമ ടി വി) ആണ്.മാന്യമായ ചോദ്യങ്ങളിലൂടെ തനിക്കു ആവശ്യമായ ഉത്തരങ്ങള്‍ നേടിയെടുക്കുന്ന ജോണി ലൂക്കോസിന്റെ ശാന്തമായ ശരീരഭാഷ ശ്രദ്ധേയമാണ്.അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം അംഗീകരിച്ചേ പറ്റൂ.എന്നാല്‍ "റിപ്പോര്‍ട്ടര്‍"ചാനലില്‍ ശ്രീ വേണു അവതരിപ്പിക്കുന്ന 'ക്ലോസ് എന്‍കൌണ്ടര്‍' പലപ്പോഴും ഒരു കോടതിമുറിയെ നാണിപ്പിക്കുന്ന വിധം അരോചകമായിത്തീരാറണ്ട്.തന്റെ മുന്നില്‍ ഇരിക്കുന്ന മാന്യനോട് എന്തും ചോദിക്കാനുള്ള അവകാശം പതിച്ചുകിട്ടിയ ഭാവത്തില്‍ മുഖത്തേക്ക് വിരല്‍ ചൂണ്ടി,ധാര്‍ഷ്ട്യത്തോടെ ഭേദ്യം ചെയ്യുന്നത്  പതിവ് കാഴ്ചയാണ്.
                  ഈയിടെ,മാറാട് സംഭവത്തിന്റെ രമ്യമായ പരിഹാരം സംബന്ധിച്ഹു വിവാദമുയര്‍ന്നു.ശിഹാബ് തങ്ങളുടെ താല്‍പര്യപ്രകാരം ബി.ജെ.പി.മുന്‍ പ്രസിഡണ്ട്‌ അഡ്വ.പി.എസ്‌.ശ്രീധരന്‍പിള്ളയും സാദിഖ്‌ അലി തങ്ങളും മാറാട് പ്രശ്നത്തിന്റെ പരിഹാരത്തിന് വേണ്ടി ചര്‍ച്ച നടത്തിയിരുന്നു എന്നാണു വാര്‍ത്ത.ശ്രീധരന്‍പിള്ളയെ സംഘപരിവാരം തള്ളിപ്പറയുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ശ്രീ വേണു,ബി.ജെ.പി.നേതാവ്.ഓ.രാജഗോപാലുമായി അഭിമുഖം നടത്തിയത്.മാധ്യമധര്‍മ്മത്തിന്റെ എല്ലാ അതിരുകളും ഭേദിക്കുന്നതായിരുന്നു ഈ അഭിമുഖം.(തുടരും)

Tuesday, November 8, 2011

കോടതിയോട് കളിച്ചാല്‍......!

ആര്‍ക്കും എന്തും എപ്പോഴും വിളിച്ചുപറയാം,ആര്‍ക്കും ആരെയും അധിക്ഷേപിക്കാം,"വായില്‍ തോന്നിയത് കോതക്ക് പാട്ട് " ഇത് സ്വാതന്ത്ര്യം ആണോ? പറഞ്ഞു പറഞ്ഞു കോടതിയെയും 'ശുംഭന്‍' എന്ന് വിളിക്കാം.അതിനൊക്കെയുള്ള അവകാശം തങ്ങള്‍ക്കുണ്ട് എന്ന തണ്ടും ഭാവവും.എന്ത് പറഞ്ഞാലും ചെയ്താലും ഒന്നും സംഭവിക്കില്ല.സംരക്ഷിക്കാന്‍  ഒരു പാര്‍ട്ടിയുണ്ടല്ലോ?


അവസാനം വിധി വന്നു.ആറു മാസം കഠിനതടവ്.രണ്ടായിരം രൂപ പിഴയും.ഈ വിധിയില്‍ ഒരു വിധിവൈപരീത്യം ഉണ്ട്.വളരെ രസകരമായ ഒന്ന്.ശ്രീ ബാലകൃഷ്ണപിള്ള ഇന്ന് ജയില്‍മോചിതനാകുന്നു.അതെ മുറിയിലേക്ക് ശ്രീ ജയരാജന്‍ കടന്നു ചെല്ലുന്നു.ശാന്തം പാവം!

കോടതി എല്ലാ അര്‍ത്ഥത്തിലും ശരിയാണ് എന്നല്ല.കോടതി വിധിയില്‍ നമുക്ക് യോജിക്കാവുന്നതും അല്ലാത്തതും ഉണ്ടാവാം.പക്ഷെ,കോടതി വിധിയെ മാത്രമല്ല,വിധിച്ച ജഡ്ജിമാരെ വരെ അസഭ്യം പറയുന്നത് മര്യാദയാണോ? ജനനേതാക്കള്‍ അല്പം മര്യാദ പാലിക്കാന്‍ ബാധ്യസ്ഥരല്ലേ? അല്ലെങ്കില്‍ ഇവര്‍ നേതാക്കള്‍ ആവുന്നതിലെ യുക്തി എന്താണ്?

കണ്ണൂരിലെ മൂന്നു ജയരാജന്മാര്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ മാലിന്യം ചെറുതല്ല.അവരുടെ ശരീരഭാഷയും ഭാഷാശൈലിയും മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതു തന്നെ.അവര്‍ ആരെയും എന്തും പറയും.ചിലപ്പോള്‍ അടിക്കും.ചിലരെ അടിക്കാന്‍ ആഹ്വാനം ചെയ്യും.വേണ്ടിവന്നാല്‍ 'ക്വട്ടേ ഷന്‍' ഏര്‍പ്പാട് ചെയ്യും.അതല്ലേ കണ്ണൂര്‍ പൊളിറ്റിക്സ്?

നമുക്ക് ചിലരെ വിമര്‍ശിക്കാം.ചിലതിനെ വിമര്‍ശിക്കാം.പക്ഷെ ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതല്ലേ?അത്തരം നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ ചിലപ്പോള്‍ ശിക്ഷകള്‍ക്ക് വിധേയമാവേണ്ടി വരും.അതാണ്‌ ഇപ്പോള്‍ സംഭവിച്ചത്.ഇത് എല്ലാവര്‍ക്കും പാഠമാണ്.ചില വ്യക്തികളെ ,ചില സ്ഥാപനങ്ങളെ മാനിക്കാന്‍ നാം ബാധ്യസ്ഥരാണ്.ആ ബാധ്യത നിര്‍വഹിക്കാന്‍ എല്ലാവരും ശീലിക്കുക തന്നെ വേണം.

ഇല്ലെങ്കില്‍ തടവറ തന്നെ ശരണം!


Friday, November 4, 2011

കമ്പനികളുടെ ഭരണകാലം

സ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം സഹിക്കവയ്യാതെയാണ് ഇന്ത്യക്കാര്‍ വിമോചനപ്പോരാട്ടം നയിച്ചത്.അങ്ങനെ കിട്ടിയ ഭരണമാണ് ഇപ്പോള്‍ ഡോ.മന്‍മോഹന്‍ സിംഗിന്റെ കയ്യിലുള്ളത്.ഡോ.സിംഗ് അത് വീണ്ടും കമ്പനികള്‍ക്ക് തിരിച്ചു കൊടുത്തിരിക്കുന്നു,പെട്രോള്‍ കമ്പനികള്‍ക്ക്.അവര്‍ തോന്നിയ പോലെ വില കൂട്ടുന്നു.വില കൂട്ടുമ്പോള്‍ നഷ്ടം കൂടുന്നു.നഷ്ടം കൂടുമ്പോള്‍ പിന്നെയും വില കൂട്ടുന്നു.ഡോ.സിംഗ് പാവ കണക്കെ നിശ്ചലനായി നില്‍ക്കുന്നു.

പെട്രോള്‍,ഗ്യാസ് തുടങ്ങിയവ മുതലാളിമാര്‍ മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് ഇഷ്ടം പോലെ സബ് സിഡി നല്‍കിയിരുന്നു.ഇപ്പോള്‍ സാധാരണക്കാര്‍ അതിന്റെ ഉപഭോക്താക്കള്‍ ആയപ്പോള്‍ സബ് സിഡി കുറച്ചു കുറച്ചു ഇല്ലാതാക്കിയിരിക്കുന്നു.വില കൂടിക്കൊണ്ടെയിരിക്കുന്നു.സാധാരണക്കാരന്റെ ജീവിതം ദുരിതമയം ആയിത്തീര്‍ന്നിരിക്കുന്നു.

ഷ്ടം പോലെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൊടുത്തത് സര്‍ക്കാരിനു പറ്റിയ ഭീമാബദ്ധമായിരുന്നു.അത് മനസ്സിലാകാത്ത ഏക വ്യക്തി ഡോ സിംഗ് ആണ്.അത് മനസ്സിലായവര്‍ കോണ്‍ഗ്രസ്സില്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും,അവര്‍ ആരും പെട്രോള്‍ വില വര്‍ധനവിനെ അംഗീകരിക്കുന്നില്ലെങ്കിലും ആര്‍ക്കും ഇത് തടയാന്‍ കഴിയുന്നില്ല.ഇത് കഷ്ടമല്ലേ?

രോ തവണ വില കൂട്ടുമ്പോഴും നികുതി കുറച്ച്‌ നമ്മുടെ മുഖ്യമന്ത്രി സാധാരണക്കാരന്റെ താങ്ങായി നില്‍ക്കുന്നുണ്ട്.പക്ഷെ എത്രത്തോളം? ഇടതുപക്ഷം ഒരിക്കല്‍പ്പോലും ചെയ്യാത്തത് ആണ് ഇത്.ഉമ്മന്‍ചാണ്ടി അഭിനന്ദനം അര്‍ഹിക്കുന്നു.പക്ഷെ സംസ്ഥാനത്തിന് അത്രയും തുക നഷ്ടമായിത്തീരുന്നു.ഈ നഷ്ടം വികസനത്തെ ബാധിക്കില്ലേ? അപ്പോള്‍ നികുതി കുറയ്ക്കുകയല്ല,വില തന്നെ കുറയ്ക്കുകയാണ് ശരി.

വില കുറയ്ക്കണമെങ്കില്‍ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനു ഉണ്ടായിരിക്കണം.ഉള്ള അധികാരം കമ്പനികള്‍ക്ക് കൊടുത്തിട്ട് കയ്യും കെട്ടി നോക്കി നില്‍ക്കുന്നത് ഭരണമാണോ?അങ്ങനെയെങ്കില്‍ ഈ ഭരണം നമുക്ക് എന്തിനാണ്?ഇങ്ങനെയൊരു പ്രധാനമന്ത്രി എന്തിനാണ്?

രുപാട് നല്ല കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.പക്ഷെ അതെല്ലാം അഴിമതിയിലും വിലക്കയറ്റത്തിലും മുങ്ങിപ്പോകുന്നു.അന്ന ഹസാരെമാര്‍ ഈ സര്‍ക്കാരിന്റെ സൃഷ്ടിയാണ്,രാജയും കല്‍മാടിയും അങ്ങനെ പലരും ഈ സര്‍ക്കാരിന്റെ സൃഷ്ടിയാണ്.നഷ്ടം ഈ സര്‍ക്കാരിനും മുന്നണി  ക്കുമാണ്.അഴിമതിയും അന്ന ഹസാരെയും മതി ഈ സര്‍ക്കാരിനെ നിലംപരിശാക്കാന്‍.അത്രയ്ക്ക് വഷളായിരിക്കുന്നു കാര്യങ്ങള്‍.പോരാത്തതിനു പെട്രോളും.

താന്‍ കോണ്‍ഗ്രസ്സിന്റെ അവസാനത്തെ പ്രധാനമന്ത്രി ആയിരിക്കണം എന്ന് ഡോ.സിങ്ങിനു എന്താണ് ഇത്ര വാശി?തന്റെ റിട്ടയര്‍മെന്റ് ഉറപ്പിച്ച സ്ഥിതിക്ക് ഇനി മറ്റാരും കോണ്‍ഗ്രസ്സില്‍ നിന്ന് പ്രധാനമന്ത്രി ആകേണ്ടതില്ല എന്ന് ഡോ.സിംഗ് തീരുമാനിച്ചുവോ? ഈ നിസ്സംഗത കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകും.

ടുത്ത ഭരണം ബി ജെ പിക്ക് ദാനം നല്‍കുകയാണ് കോണ്ഗ്രസ്.ഈ രീതിയില്‍ പോയാല്‍ അക്കാര്യം ഉറപ്പാണ്‌.തലൈവര്‍ നീയോ ഞാനോ എന്ന് അദ്വാനിയും മോഡിയും തര്‍ക്കിക്കുമ്പോള്‍ പോലും രാഷ്ട്രീയത്തിലെ സാധ്യതകള്‍ കണ്ടെത്തുന്നതിനു പകരം,സ്വയം നാശത്തിന്റെ കുഴി തോണ്ടുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?

കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ഡോ.സിങ്ങിനു എന്തായാലും കഴിയില്ല.ആര്‍ക്കെങ്കിലും കോണ്‍ഗ്രസ്സില്‍  തന്നെ അതിനു കഴിയുമോ എന്ന് ഇനിയും പരിശോധിക്കാവുന്നതാണ്.രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ ഇനി ഒരു വഴിയെ ഉള്ളൂ.കമ്പനി ഭരണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക.ആയതിനു ഒരു വിമോചനസമരം കൂടി വേണ്ടി വരുമോ?

Friday, October 28, 2011

സഭയില്‍ സംഭവിക്കുന്നത്....!

മ്മുടെ നിയമസഭയില്‍ എന്താണ് നടക്കുന്നത് ?എന്താണ്,എന്തിനാണ് ജനപ്രതിനിധികള്‍ നിലവാരമില്ലാത്ത നാടകം കളിക്കുന്നത്?സഭയില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ അഭിപ്രായം പറയാ മെന്നിരിക്കെ ഇവര്‍ എന്തിനാണ് മുഷ്ടി ചുരുട്ടുന്നതും പല്ല് കടിക്കുന്നതും?

പ്രതിപക്ഷം എന്നാല്‍ ഭരണകക്ഷിയെ നിരന്തരം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവര്‍ എന്നാണോ അര്‍ഥം?ജനവിരുദ്ധമോ രാജ്യവിരുദ്ധമോ ആയ നിലപാടുകള്‍ ഭരിക്കുന്നവര്‍ക്ക് ഉണ്ടെങ്കില്‍ എതിര്‍ക്കണം.അല്ലാതെ ഭരണകക്ഷിയെ എതിര്‍ക്കുക എന്നത് ഏകഅജണ്ടയായി പ്രതിപക്ഷം ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് എന്ത് ഉത്തരവാദിത്തമാണ് ജനങ്ങളോടും നാടിനോടും ഉള്ളത്?

ന്റെ അച്ഛനെ പറഞ്ഞു എന്ന് കരഞ്ഞത് ഒരു ജനപ്രതിനിധിയാണ്.പലരുടെയും തന്തക്ക്‌ വിളിച്ചു ശീലിച്ചവര്‍ക്ക് വാവിട്ടുകരയാന്‍ മാത്രം ഇതില്‍ എന്താണുള്ളത്?അപ്പോള്‍ ആ കരച്ചില്‍ പോലും ഒരു നാടകമായിത്തീരുന്നു."വായില്‍ തോന്നിയത് കോതക്ക് പാട്ട്"എന്ന മട്ടില്‍ വാചാലരാകുന്നവര്‍ തങ്ങളുടെ  ആക്രമണശരങ്ങള്‍ ഏറ്റു പിടയുന്നവര്‍ക്കും കുടുംബം ഉണ്ട് എന്ന് ഓര്‍മിക്കാറില്ല.

നാക്കെടുത്താല്‍ വീരസ്യം മാത്രം പറയുന്ന വീരന്മാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഭീരുവിനെപ്പോലെ കരയുമ്പോള്‍,ലജ്ജിച്ചു തല താഴ്തുകയല്ലാതെ നാം എന്ത് ചെയ്യും?വിമര്‍ശനങ്ങളില്‍ മാന്യത പുലര്‍ത്താനുള്ള വിശാലത എല്ലാവര്‍ക്കും വേണ്ടതല്ലേ?ഭിന്നധ്രുവങ്ങളില്‍ ആണെങ്കിലും ജനനേതാക്കള്‍ എന്ന പരിഗണന പരസ്പരം ആവശ്യമല്ലേ? 

പ്രതിപക്ഷം തങ്ങള്‍ക്ക്‌ ഭരണം നഷ്ടപ്പെട്ടിരിക്കുന്നു എന്നും അത് ജനവിധിയാണ് എന്നും തിരിച്ചറിയണം.ഭരണപക്ഷം വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ ഭരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.ആക്രമിക്കാന്‍ മുഹൂര്‍ത്തം തേടുന്ന പ്രതിപക്ഷത്തിന് ആയുധം കൊടുക്കാതിരിക്കാനുള്ള സൂക്ഷ്മതയെങ്കിലും  ഭരണപക്ഷം കാണിക്കേണ്ടതല്ലേ? 

ന്തക്കുവിളിയും എടാ വാടാ വിളിയും കാലെടുത്തുയര്‍ത്തലും മുട്ടിനു മുട്ടിനു സ്പീക്കറുടെ മുമ്പിലേക്ക് പായലും.....കോടിക്കണക്കിനു ജനങ്ങളുടെ നേതാക്കള്‍ ഇമ്മട്ടില്‍ തരം താഴുമ്പോള്‍ അപമാനം സഹിക്കുകയല്ലാതെ എന്ത് ചെയ്യും?

ച്യുതാനന്ദനെ ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചത് അതിര് കടന്നു പോയി.അച്യുതാനന്ദന്റെ പ്രായമാണ് എല്ലാവര്‍ക്കും പറയാനുള്ള പോയിന്റ്‌ .ശരി,അത്രയും പ്രായമുള്ള അച്ചുതാന്ദനും ചില മര്യാദകള്‍ പാലിക്കാന്‍ ബാധ്യസ്ഥനല്ലേ? എതിര്‍പക്ഷത്തെ പലരെയും പകയോടെ വേട്ടയാടുമ്പോള്‍ ഈ പ്രായം മാനിക്കാത്തത് എന്താണ്?

മ്മുടെ സാമാജികരുടെ പെരുമാറ്റരീതികള്‍ പലപ്പോഴും അസഹനീയമായിപ്പോകുന്നുണ്ട്.
വര്‍ഷങ്ങളായി ഒരേ നാടകത്തിന്റെ തനിയാവര്‍ത്തനങ്ങള്‍.ചില പുതിയ പ്രതിനിധികള്‍ എല്ലാ മര്യാദയും ലംഘിച്ചു സ്പീക്കറെയും അവഹേളിക്കാന്‍ ശ്രമിക്കുന്നു.ആത്മസംയമനം ഒരു നിമിഷത്തേക്ക് പോലും ചിലര്‍ക്ക് പാലിക്കാന്‍ ആവുന്നില്ല.ഇവര്‍ക്ക് എങ്ങനെ ജനാധിപത്യത്തിന്റെ സംരക്ഷകരാവാന്‍  കഴിയും?ജനങ്ങളുടെയും നാടിന്റെയും സംരക്ഷകരാവാന്‍ കഴിയും?സഭാനടപടികള്‍ ലൈവ് ആയി കാണുന്ന നമുക്ക് അഭിമാനിക്കത്തക്ക ഏതെങ്കിലും ഒരു നിമിഷം വീണു കിട്ടുന്നുണ്ടോ? അത്രയ്ക്ക് ഹതഭാഗ്യരായിരിക്കുന്നു നാം.