Friday, October 28, 2011

സഭയില്‍ സംഭവിക്കുന്നത്....!

മ്മുടെ നിയമസഭയില്‍ എന്താണ് നടക്കുന്നത് ?എന്താണ്,എന്തിനാണ് ജനപ്രതിനിധികള്‍ നിലവാരമില്ലാത്ത നാടകം കളിക്കുന്നത്?സഭയില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ അഭിപ്രായം പറയാ മെന്നിരിക്കെ ഇവര്‍ എന്തിനാണ് മുഷ്ടി ചുരുട്ടുന്നതും പല്ല് കടിക്കുന്നതും?

പ്രതിപക്ഷം എന്നാല്‍ ഭരണകക്ഷിയെ നിരന്തരം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവര്‍ എന്നാണോ അര്‍ഥം?ജനവിരുദ്ധമോ രാജ്യവിരുദ്ധമോ ആയ നിലപാടുകള്‍ ഭരിക്കുന്നവര്‍ക്ക് ഉണ്ടെങ്കില്‍ എതിര്‍ക്കണം.അല്ലാതെ ഭരണകക്ഷിയെ എതിര്‍ക്കുക എന്നത് ഏകഅജണ്ടയായി പ്രതിപക്ഷം ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് എന്ത് ഉത്തരവാദിത്തമാണ് ജനങ്ങളോടും നാടിനോടും ഉള്ളത്?

ന്റെ അച്ഛനെ പറഞ്ഞു എന്ന് കരഞ്ഞത് ഒരു ജനപ്രതിനിധിയാണ്.പലരുടെയും തന്തക്ക്‌ വിളിച്ചു ശീലിച്ചവര്‍ക്ക് വാവിട്ടുകരയാന്‍ മാത്രം ഇതില്‍ എന്താണുള്ളത്?അപ്പോള്‍ ആ കരച്ചില്‍ പോലും ഒരു നാടകമായിത്തീരുന്നു."വായില്‍ തോന്നിയത് കോതക്ക് പാട്ട്"എന്ന മട്ടില്‍ വാചാലരാകുന്നവര്‍ തങ്ങളുടെ  ആക്രമണശരങ്ങള്‍ ഏറ്റു പിടയുന്നവര്‍ക്കും കുടുംബം ഉണ്ട് എന്ന് ഓര്‍മിക്കാറില്ല.

നാക്കെടുത്താല്‍ വീരസ്യം മാത്രം പറയുന്ന വീരന്മാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഭീരുവിനെപ്പോലെ കരയുമ്പോള്‍,ലജ്ജിച്ചു തല താഴ്തുകയല്ലാതെ നാം എന്ത് ചെയ്യും?വിമര്‍ശനങ്ങളില്‍ മാന്യത പുലര്‍ത്താനുള്ള വിശാലത എല്ലാവര്‍ക്കും വേണ്ടതല്ലേ?ഭിന്നധ്രുവങ്ങളില്‍ ആണെങ്കിലും ജനനേതാക്കള്‍ എന്ന പരിഗണന പരസ്പരം ആവശ്യമല്ലേ? 

പ്രതിപക്ഷം തങ്ങള്‍ക്ക്‌ ഭരണം നഷ്ടപ്പെട്ടിരിക്കുന്നു എന്നും അത് ജനവിധിയാണ് എന്നും തിരിച്ചറിയണം.ഭരണപക്ഷം വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ ഭരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.ആക്രമിക്കാന്‍ മുഹൂര്‍ത്തം തേടുന്ന പ്രതിപക്ഷത്തിന് ആയുധം കൊടുക്കാതിരിക്കാനുള്ള സൂക്ഷ്മതയെങ്കിലും  ഭരണപക്ഷം കാണിക്കേണ്ടതല്ലേ? 

ന്തക്കുവിളിയും എടാ വാടാ വിളിയും കാലെടുത്തുയര്‍ത്തലും മുട്ടിനു മുട്ടിനു സ്പീക്കറുടെ മുമ്പിലേക്ക് പായലും.....കോടിക്കണക്കിനു ജനങ്ങളുടെ നേതാക്കള്‍ ഇമ്മട്ടില്‍ തരം താഴുമ്പോള്‍ അപമാനം സഹിക്കുകയല്ലാതെ എന്ത് ചെയ്യും?

ച്യുതാനന്ദനെ ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചത് അതിര് കടന്നു പോയി.അച്യുതാനന്ദന്റെ പ്രായമാണ് എല്ലാവര്‍ക്കും പറയാനുള്ള പോയിന്റ്‌ .ശരി,അത്രയും പ്രായമുള്ള അച്ചുതാന്ദനും ചില മര്യാദകള്‍ പാലിക്കാന്‍ ബാധ്യസ്ഥനല്ലേ? എതിര്‍പക്ഷത്തെ പലരെയും പകയോടെ വേട്ടയാടുമ്പോള്‍ ഈ പ്രായം മാനിക്കാത്തത് എന്താണ്?

മ്മുടെ സാമാജികരുടെ പെരുമാറ്റരീതികള്‍ പലപ്പോഴും അസഹനീയമായിപ്പോകുന്നുണ്ട്.
വര്‍ഷങ്ങളായി ഒരേ നാടകത്തിന്റെ തനിയാവര്‍ത്തനങ്ങള്‍.ചില പുതിയ പ്രതിനിധികള്‍ എല്ലാ മര്യാദയും ലംഘിച്ചു സ്പീക്കറെയും അവഹേളിക്കാന്‍ ശ്രമിക്കുന്നു.ആത്മസംയമനം ഒരു നിമിഷത്തേക്ക് പോലും ചിലര്‍ക്ക് പാലിക്കാന്‍ ആവുന്നില്ല.ഇവര്‍ക്ക് എങ്ങനെ ജനാധിപത്യത്തിന്റെ സംരക്ഷകരാവാന്‍  കഴിയും?ജനങ്ങളുടെയും നാടിന്റെയും സംരക്ഷകരാവാന്‍ കഴിയും?സഭാനടപടികള്‍ ലൈവ് ആയി കാണുന്ന നമുക്ക് അഭിമാനിക്കത്തക്ക ഏതെങ്കിലും ഒരു നിമിഷം വീണു കിട്ടുന്നുണ്ടോ? അത്രയ്ക്ക് ഹതഭാഗ്യരായിരിക്കുന്നു നാം.


Sunday, October 23, 2011

ഖദ്ദാഫി....വേദനിപ്പിക്കുന്ന ഒരു മരണം

ദ്ദാഫിയെ ഞാന്‍ സ്നേഹിച്ചിരുന്നു 
ഒരു ഏകാധിപതി എന്ന നിലയില്‍ അല്ല.
അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ച ഒരു 
ഭരണാധികാരി എന്ന നിലയില്‍.

ദ്ദാഫിയെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു.
ഒരു ഏകാധിപതി എന്ന നിലയില്‍ അല്ല.
പാശ്ചാത്യശക്തികള്‍ക്കെതിരെ ധീരനായി നിന്ന 
ഒരു പോരാളി എന്ന നിലയില്‍.

ദ്ദാഫിയെ ഞാന്‍ ആദരിച്ചിരുന്നു. 
ഒരു ഏകാധിപതി എന്ന നിലയില്‍ അല്ല.
നാല് പതിറ്റാണ്ട് ലിബിയയെ നയിച്ഹ
വിപ്ലവകാരി എന്ന നിലയില്‍.

ദ്ദാഫിയെ ഞാന്‍ ബഹുമാനിച്ചിരുന്നു.
ഒരു ഏകാധിപതി എന്ന നിലയില്‍ അല്ല.
അധിനിവേശത്തിനെതിരെ പൊരുതിയ 
ഒരു യോദ്ധാവ് എന്ന നിലയില്‍ 


ദ്ദാഫിയെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു 
എകാധിപത്ത്യത്തിന്റെ ദുരന്തങ്ങളുടെ 
ഇരയായി,വെറുക്കപ്പെട്ടവനായി 
ഒറ്റപ്പെട്ടവന്‍ എന്ന നിലയില്‍ 

ദ്ദാഫി ഇന്നെനിക്ക് ഒരു ദുഖമാണ് 
ഇതിഹാസജീവിതം നയിച്ച ഒരാള്‍ 
ലിബിയയുടെ ഗര്‍ജിക്കുന്ന സിംഹം 
ഈവിധം ചിത്രവധം ചെയ്യപ്പെട്ടതില്‍.

ദ്ദാഫിയുടെ ഏകാധിപത്യത്തിനു 
ഇത് പരിഹാരമെയല്ല ഒരിക്കലും 
അധിനിവേശശക്തികളുടെ അജണ്ടകള്‍ക്ക്
ലിബിയക്കാര്‍ വിരിച്ചത് ചുവന്ന പരവതാനി.

ദ്ദാഫിയുടെ മരണം ഒരു 
ഏകാധിപതിയുടെ മരണമല്ല 
ലിബിയയുടെ എക്കാലത്തെയും 
നായകന്റെ വിട വാങ്ങലാണ് 

ദ്ദാഫി എന്നെ വേദനിപ്പിച്ചാണ്  പോയത്.
ലിബിയയില്‍ പുലരുന്നത് ജനാധിപത്യമല്ല
അധിനിവേശമാണ്,ഇറാഖ് പോലെ,അഫ്ഗാന്‍ പോലെ.
ലിബിയക്കാര്‍ അത് തിരിച്ചറിയും,നാളെ.








Saturday, October 22, 2011

ആഗോളീകരണത്തിന്റെ മതം......തുടര്‍ച്ച

                ചില സല്ലാപങ്ങള്‍ ഉണ്ട്,ടീവിയിലും റേഡിയോയിലും.ഇന്നത്തെക്കാലത്ത് ഇഷ്ടപ്പെട്ട ഒരു പാട്ട് കേള്‍ക്കാന്‍ ഒരു ടി വി അവതാരകനെയോ റേഡിയോ ജോക്കിയെയോ ഏറെ കഷ്ടപ്പെട്ട് വിളിക്കേണ്ട കാര്യമുണ്ടോ?പാട്ട് കേള്‍പ്പിക്കുന്നതിനു  മുമ്പ് നടത്തുന്ന ശ്രിംഗാരത്തില്‍ ഊരും പേരും,ഭര്‍ത്താവ് ഗള്‍ഫിലാണ് എന്നും വീട്ടില്‍ തനിച്ചാണ് എന്നും വീട്ടിലേക്കുള്ള വഴിയും.....അങ്ങനെ തീര്‍ത്തും അപരിചിതനായ ഒരു വ്യക്തിയോട്,ലോകം മുഴുവന്‍ കേള്‍ക്കെ എല്ലാ സ്വകാര്യതയും നമ്മുടെ സഹോദരിമാര്‍ വെളിപ്പെടുത്തുന്നു.വ്യക്തിപരമായ വിവരങ്ങള്‍,മറ്റാരും അറിയേണ്ടതില്ലാത്ത കാര്യങ്ങള്‍ "നാട്ടിലെങ്ങും പാട്ടാക്കുന്ന" ഈ പ്രവണത പുതിയ മതം സമ്മാനിച്ചതാണ്‌.ചൂഷണത്തിന്റെ പുതിയ സാധ്യതകള്‍. അപകടപ്പെടാനുള്ള വഴികള്‍  സ്വയം തുറന്നു കൊടുക്കുകയല്ലേ ഇത്തരം സല്ലാപങ്ങള്‍?നമ്മുടെ സഹോദരിമാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട സൂക്ഷ്മതകള്‍ അവര്‍ക്ക് കൈമോശം വന്നുവോ?മതം സൂക്ഷ്മത പാലിക്കാന്‍ പറയുമ്പോള്‍ ആഗോളീകരണത്തിന്റെ മതം പ്രലോഭനങ്ങളിലൂടെ കീഴ്പ്പെടുത്തുകയാണ്.
                നമ്മുടെ സമൂഹം രോഗാതുരമാണ്.ചികിത്സ അനിവാര്യവുമാണ്‌.മതസംഘടനകള്‍ തങ്ങളുടെ അജണ്ടകള്‍ പുനര്‍നിര്‍ണയിക്കണം.രാഷ്ട്രീയസംഘടനകള്‍ കാര്യപരിപാടികള്‍ പുതുക്കി നിശ്ചയിക്കണം.സമൂഹം കൂടുതല്‍ അരാജകവും അരോചകവും ആയി മാറുമ്പോള്‍,പ്രതിരോധത്തിന്റെ ഒരു ചൂണ്ടുവിരല്‍ ഉയര്‍ന്നു വരാതിരിക്കുമോ? ആഗോളീകരണത്തിന്റെ മതം അന്ധകാരജനകമാവുമ്പോള്‍ നമുക്ക് മനസ്സില്‍ കെടാതെ കാത്തുവെക്കാം,പ്രകാശവീചികള്‍ വിതറുന്ന ഓരോ മണ്‍ചെരാതുകള്‍.

Friday, October 21, 2011

ആഗോളീകരണത്തിന്റെ മതം....തുടര്‍ച്ച

               അനുവദനീയമായ ഭക്ഷണമാണ് സിരകളില്‍ ശുദ്ധമായ രക്തം ഉണ്ടാക്കുന്നത്.രക്തം ശുദ്ധമാ യാലെ മനസ്സും ചിന്തയും ശുദ്ധമാവൂ.ശുദ്ധമായ മനസ്സില്‍ നിന്ന് മാത്രമേ സംസ്കാരം ഉണ്ടാവൂ.സംസ്കാരമുള്ള മനുഷ്യന് മാത്രമേ സാമൂഹികബന്ധങ്ങള്‍ നില നിര്‍ത്താനാവൂ .നിഷിദ്ധമായ ഭക്ഷണം,അത് മതപരിപ്രേക്ഷ്യത്തില്‍ ആയാലും,പാചകത്തിന്റെ ശാസ്ത്രീയതയില്‍ ആയാലും മനുഷ്യന്റെ അകം മലിനമാക്കുന്നു.അകം മലിനമായാല്‍ പുറം എങ്ങനെ ശുദ്ധമാവും?എങ്ങനെ സംസ്കാരം പ്രകടമാവും?മതം മുന്നോട്ടു വെക്കുന്ന ആഹാരചിട്ടകള്‍ നമുക്ക് അന്യമാവുന്നു.എന്തും എങ്ങനെയും എപ്പോഴും എത്രയും ഭക്ഷിക്കാം എന്നാണു പുതിയ മതം നമ്മോടു പറയുന്നത്.'ജീവിക്കാന്‍ ആവശ്യമായ ഭക്ഷണം'എന്നത് 'ഭക്ഷണത്തിന് വേണ്ടിയുള്ള ജീവിതം'എന്നായി മാറിയിരിക്കുന്നു.
              ശാസ്ത്രത്തിന്റെ വികാസം മനുഷ്യന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നു.പക്ഷെ പലപ്പോഴും സംസ്കാരത്തെ നിരാകരിക്കുന്നു.'മൊബൈല്‍ ഫോണ്‍ മാനിയ'ഏറ്റവും മികച്ച ഉദാഹരണം.മൊബൈല്‍ ഫോണ്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പോലും അറിയാത്ത സമൂഹമാണ് നമ്മുടെത്.യാത്രയില്‍,ചടങ്ങുകളില്‍,പൊതുഇടങ്ങളില്‍ സൂക്ഷ്മമായി  നിരീക്ഷിച്ചാല്‍ അറിയാം,പലരും എത്ര അഭാസമായാണ് മൊബൈല്‍ ഉപയോഗിക്കുന്നത് എന്ന്.പരിധിക്കകത്ത് മൊബൈല്‍ സ്വീകാര്യമാവാം.പക്ഷെ പലരും പരിധിക്കു പുറത്താണല്ലോ മൊബൈല്‍ ഉപയോഗിക്കുന്നത്?
              മൊബൈല്‍ ഫോണിനു എന്തിനാണ് കാമറയും മെമ്മറികാര്‍ഡും എന്ന് ചോദിച്ചാല്‍ ഇതൊന്നും ഇല്ലാത്ത മൊബൈല്‍ ഫോണ്‍ നമുക്ക് എന്തിനാണ് എന്നാ മറുചോദ്യം ഉയരും? അപ്പോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വിനിമയമല്ല മറ്റെന്തോ ആണ് എന്ന് നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.അത് ഭംഗിയായി നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നുണ്ട്.പൊതുഇടങ്ങളില്‍ മാത്രമല്ല സ്വന്തം മാതാവിന്റെ കുളിമുറിയില്‍ വരെ മൊബൈല്‍ ഫോണിന്റെ വിനിയോഗം നടന്നുകഴിഞ്ഞിരിക്കുന്നു.
              ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിയുടെ ഘോരശബ്ദം പോലും കേള്‍ക്കാനാവാത്ത വിധം നമ്മുടെ സഹോദരങ്ങളുടെ ചെവിയില്‍ മൊബൈല്‍ ഫോണ്‍ തിരുകിവെച്ചിരിക്കുന്നു പുതിയ മതം.അവന്‍/അവള്‍ സ്വന്തം മാതാപിതാക്കളുടെയോ,സമൂഹത്തിലെ അശരണരുടെയോ ആര്‍ത്തനാദം കേള്‍ക്കരുത് എന്ന് ആരോ നിശ്ചയിച്ചിരിക്കുന്നു.അത്തരം നിശ്ചയങ്ങളുടെ ബന്ധനത്തിലാണ് നമ്മുടെ യൌവനം.സ്വന്തം ജീവന്‍ തട്ടിയെടുക്കുംവിധം തീവണ്ടി അടുത്തെത്തിയിട്ടും തിരിച്ചറിയാന്‍ ആവാത്ത വിധം അവന്‍ മൊബൈലില്‍ ശ്രിംഗരിച്ചത് സാമൂഹികപ്രധാന്യം ഉള്ള വിഷയം ആയിരുന്നില്ല എന്ന് തീര്‍ച്ച.അല്ലെങ്കിലും റെയില്‍പാളത്തിലും നടുറോട്ടിലും നടത്തേണ്ടതല്ലല്ലോ സാമൂഹികവിചാരങ്ങള്‍? 
             അപകടങ്ങള്‍ ആധുനികസമൂഹത്തില്‍ നിത്യസംഭവം ആയിത്തീര്‍ന്നിരിക്കുന്നു.പ്രത്യേകിച്ചും വാഹനാപകടങ്ങള്‍.അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഓടിയെത്തുന്ന,സ്വന്തം ജീവന്‍ അവഗണിച്ചും അന്യന്റെ ജീവന്‍ രക്ഷപ്പെടുത്താനുള്ള ആത്മാര്‍പ്പനത്തിന്റെ പ്രതീകങ്ങള്‍ ആയിരുന്നു നമ്മുടെ യുവാക്കള്‍.മാനവികതയുടെ മഹല്‍സന്ദേശം ഒരു കൈത്തിരിയായി കാത്തുവെച്ചവര്‍.അത്തരം സമര്‍പ്പണങ്ങള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
             അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സന്നദ്ധതയെക്കാള്‍,ദുരന്തദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുള്ള ത്വരയാണ് നമ്മുടെ യുവാക്കള്‍    പ്രകടിപ്പിക്കുന്നത്.റോഡരികില്‍,പീടികത്തിണ്ണയില്‍ ചോര വാര്‍ന്നു കിടക്കുന്ന ഒരു മനുഷ്യന്റെ ദരുനദൃശ്യങ്ങള്‍ കണ്ടുനില്‍ക്കുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തവരില്‍ ഒരാള്‍ക്ക് പോലും അയാളെ ആസ്പത്രിയില്‍ എത്തിക്കണമെന്ന് തോന്നാത്തവിധം മനുഷ്യനെ മൃഗസമാനമാക്കിയത്,ആഗോളീകരണത്തിന്റെ മതമാണ്‌.മൊബൈലിനു അങ്ങനെയും ഒരു വിനിയോഗമുണ്ട് എന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.(തുടരും)

Thursday, October 20, 2011

ആഗോളീകരണത്തിന്റെ മതം......തുടര്‍ച്ച

               പണം കൈനിറയുമ്പോള്‍ ഉപഭോഗതൃഷ്ണ വര്‍ധിക്കും.പണം ഉണ്ടാക്കാനും ഉണ്ടാക്കിയ പണം ചെലവഴിക്കാനും ഏത് മാര്‍ഗവും സ്വീകര്യമാവുമ്പോള്‍,അഥവാ ഉപഭോഗസംസ്കാരം അതിന്റെ പാരമ്യതയില്‍ എത്തുമ്പോള്‍ മനുഷ്യബന്ധങ്ങള്‍ ശിഥിലമാവും.മകളും ഭാര്യയും സഹോദരിയും സ്വന്തം മാതാവ്‌ തന്നെയും ഉപഭോഗത്തിന്റെ വിപണനമാധ്യമം ആയിത്തീരും.കേട്ടുകൊണ്ടിരിക്കുന്ന,കണ്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍,ചിന്തിക്കുക,വായിച്ചു മറക്കാനുള്ളതല്ല,ഓര്‍ത്തോര്‍ത്തു വേദനിക്കാന്‍ ഉള്ളതാണ് ഓരോ വര്‍ത്തമാനവും.ഒരു വാര്‍ത്തയും ഒറ്റപ്പെട്ടതല്ല.എല്ലാം സംഭവങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ ആണ്.
              ഉപഭോഗതൃഷ്ണ വ്യക്തികളെയും കുടുംബങ്ങളെയും കൂടുതല്‍ കടക്കാരാക്കി മാറ്റുന്നുണ്ട്.ആവശ്യവും അത്യാവശ്യവും അനാവശ്യവും നിര്‍ണയിക്കാനാവാതെ എല്ലാ അനാവശ്യവും അത്യാവശ്യമയിത്തീരുന്ന മനോഭാവത്തിന്റെ ഇരയാണ് ഇന്ന് മനുഷ്യന്‍.പിശുക്കിനും ധൂര്‍ത്തിനും ഇടയിലാണ് മതം.എന്നാല്‍ ആഗോളീകരണത്തിന്റെ മതം ധൂര്‍ത്തിന്റെതാണ്.ഒരു വ്യക്തിക്ക് /കുടുംബത്തിന്‌ ഒരു കാറ് മതിയാകും.എന്നാല്‍ ഒരു വ്യക്തി വില കൂടിയ 48  കാറുകള്‍ വാങ്ങിക്കൂട്ടുന്നത് (ആപ്പിള്‍ വിവാദം ഓര്‍ക്കുക)ഉപഭോഗതൃഷ്ണ സൃഷ്ടിച്ച മനോരോഗമാണ്.ആഗോളീകരണത്തിന്റെ ഉപഭോഗതൃഷ്ണ മനുഷ്യനെ മനോരോഗികള്‍ ആക്കി മാറ്റിയിരിക്കുന്നു. 
             പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തും നിങ്ങള്‍ക്ക്‌ സ്വന്തമാക്കാം.ടെലിവിഷനും ഫ്രിഡ്ജും വാഷിംഗ് മെഷീനും കമ്പുട്ടര്‍ മുതല്‍ കാര്‍ വരെയും  ഇങ്ങനെ ലഭ്യമാണ്.ഒരു ബാങ്ക് ചെക്ക് മതി,എല്ലാം നിങ്ങള്‍ക്ക്‌ സ്വന്തം.മാരുതി കമ്പനിയുടെ പ്രശസ്തമായ ഒരു പ്രയോഗമുണ്ടല്ലോ "പണ്ട് സ്വപ്നത്തില്‍ മാരുതി,ഇപ്പോള്‍ മാരുതിയില്‍ സ്വപ്നം"അതെ,എല്ലാ സ്വപ്നവും യാഥാര്‍ത്ഥ്യം ആയിത്തീരുന്ന കാലമാണിത്.
             പണം ഇല്ലാത്തവനും പണക്കാരെപ്പോലെ ജീവിക്കാം എന്നതാണ് പുതിയ മതം നല്‍കുന്ന സന്ദേശം.പിന്നെ എവിടെയാണ് പ്രശ്നം?എല്ലാം വാങ്ങിക്കൂട്ടി,സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ആത്മനിര്‍വൃതിയില്‍ കുറച്ചുനാള്‍!പ്രതിമാസം തിരിച്ചടവ് സാധ്യമാകാതെ വരുമ്പോള്‍ കടം പെരുകും.ബാധ്യത താങ്ങാനാവാതെ,ഒരു ചോദ്യത്തിനും ഉത്തരം കിട്ടാതെ ഒടുവില്‍ "ഉത്തര"ത്തില്‍ തൂങ്ങിയാടുകയോ,വിഷത്തിന് ഐസ്ക്രീമിന്റെ മധുരം പുരട്ടിയോ ജീവിതത്തിനു പര്യവസാനം."വരവറിഞ്ഞു ചെലവഴിക്കുക"എന്ന മതപാഠം,എന്തും സ്വന്തമാക്കാം എന്ന പുതിയ മതം നല്‍കിയ ത്രിഷ്ണക്ക് മുമ്പില്‍ നിഷ്പ്രഭമായതല്ലേ ഈ ദുരന്തത്തിനു കാരണം?കടക്കെണിയില്‍ പെട്ട ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക് പോലും ഇന്ന് നമ്മെ വേദനിപ്പിക്കാനാവുന്നില്ല.അത്രയ്ക്ക്, ദുരന്തങ്ങള്‍ പോലും സ്വാഭാവികതയുടെ മൂടുപടം അണി       ഞ്ഞിരിക്കുന്നു!

ആഗോളീകരണത്തിന്റെ മതം

                  രണ്ടു ദശകങ്ങളായി ആഗോളതലത്തില്‍ പുതിയ ലോകക്രമം സൃഷ്ടിച്ചും,രാഷ്ട്രങ്ങളെയും സമൂഹങ്ങളെയും മാത്രമല്ല വ്യക്തികളെയും കുടുംബങ്ങളെയും വരെ സ്വാധീനിച്ചും  മുന്നേറുന്ന ഒരു പ്രക്രിയയാണ്‌ ആഗോളീകരണം.
                  ആഗോളീകരണത്തിന് ഭിന്ന മുഖങ്ങളുണ്ട്.അത് സര്‍വതലസ്പര്‍ശിയാണ്.അതിനു രാഷ്ട്രീയമുണ്ട്.സാമ്പത്തികതലമുണ്ട്.ഒരു മതവും ഉണ്ട്.
                  ആഗോളീകരണത്തിന്റെ രാഷ്ട്രീയമാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന അധിനിവേശങ്ങള്‍.രാഷ്ട്രങ്ങള്‍ തമ്മിലുള്ള മര്യാദകള്‍ നിരാകരിക്കുകയും, രാഷ്ട്രങ്ങള്‍ക്കിടയിലുള്ള അതിരുകള്‍ ലംഘിക്കുകയും ന്യായാന്യായങ്ങള്‍ പരിഗണിക്കാതെ മറ്റുരാഷ്ട്രങ്ങളുടെ എണ്ണപ്പാടങ്ങള്‍ അടക്കമുള്ള സമ്പത്ത്‌ കവര്‍ന്നെടുക്കാന്‍ രാഷ്ട്രങ്ങള്‍ തന്നെ കൊള്ളക്കാരാവുകയും ചെയ്യുന്നതാണ് അതിന്റെ രാഷ്ട്രീയം.അതായത്‌, ആഗോളീകരണത്തിന്റെ രാഷ്ട്രീയം രാഷ്ട്രങ്ങളെ കൊള്ളക്കാരാക്കി മാറ്റിയിരിക്കുന്നു.ഇന്ന് അത് അമേരിക്കയാണ്, നാളെ മറ്റാരുമാവാം.
                  ആഗോളീകരണത്തിന് സാമ്പത്തികതലമുണ്ട്.വികസന സങ്കല്‍പ്പങ്ങള്‍ക്ക്  അര്‍ത്ഥഭംഗം വരികയും വികസനം എന്നാല്‍ വിദേശഫണ്ടിംഗ് എന്നാവുകയും കടം വാങ്ങി മാത്രമേ വികസനം സാധ്യമാകൂ എന്നാ അവസ്ഥ സംജാതമാവുകയും എല്ലാ രാഷ്ട്രങ്ങളെയും ഒരിക്കലും രക്ഷപ്പെടാനാവാത്ത കടബാധ്യതയിലേക്ക്  നയിക്കുകയും ചെയ്യുന്നതാണ് അതിന്റെ സാമ്പത്തികതലം.വികസനവായ്പക്ക് വര്‍ഷങ്ങളോളം മുതലും പലിശയും പിന്നെ പിഴയും ചേര്‍ത്ത് അടച്ചുകൊണ്ടെയിരിക്കുക എന്ന ബാധ്യതയാണ്‌ അതിന്റെ ബാക്കിപത്രം.അതായത്‌,ആഗോളീകരണത്തിന്റെ സാമ്പത്തികനയം രാഷ്ട്രങ്ങളെ പരാശ്രയത്വത്തി            ലേക്ക്  നയിക്കുന്നു.
                  ആഗോളീകരണത്തിന് മതമുണ്ട്‌ എന്നത് പലര്‍ക്കും അവിശ്വസനീയമാകും.അതിന്റെ മതം വ്യക്തികളെയും കുടുംബങ്ങളെയും ആണ് സ്വാധീനിച്ചിരിക്കുന്നത്.സൂക്ഷ്മതലത്തില്‍ ഈ അവസ്ഥയെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടവര്‍, പ്രബോധനത്തിന് പകരം പ്രകോപനം സൃഷ്ടിച്ച് എല്‍.സി.ഡി.ക്ളിപ്പിങ്ങുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
                  ഇച്ഛകളുടെ തടവുകാരാണ് മനുഷ്യര്‍.ഇച്ഛകളെ നിയന്ത്രിക്കാനും മറികടക്കാനും കഴിയുന്നവര്‍ക്ക് മാത്രമേ ലക്ഷ്യത്തിലെത്താനാവുകയുള്ളൂ.ആഗോളീകരണത്തിന്റെ മതം ഇച്ഛകളെ പ്രോജ്വലിപ്പിക്കുന്നു എന്നതാണ് പ്രധാനം."ജീവിതം ആസ്വദിക്കാനുള്ളതാണ്" എന്നതാണ് അതിന്റെ സന്ദേശം.ജീവിതം ഏത് വിധേനയും ആസ്വദിക്കണമെങ്കില്‍ നിയന്ത്രണങ്ങളും നിബന്ധനകളും ഇല്ലാതാവണം.നിഷിദ്ധവും അനുവദനീയവും തമ്മിലുള്ള സമാന്തരരേഖകള്‍ പരസ്പരം സന്ധിക്കുകയും വേണം.
                  മതമാണ്‌ മനുഷ്യന്റെ ജീവിതം നിര്‍ണയിച്ചത്.ഈ നിര്‍ണയം മനുഷ്യവര്‍ഗ്ഗത്തിന്റെ ഗുണപരമായ അതിജീവനത്തിനു വേണ്ടിയാണ്‌.എതൊരു ഗുണാത്മക മുന്നേററത്തിനും ചില ചിട്ടകളും വ്യവസ്ഥകളും അനിവാര്യമാണ്.ഈ വ്യവസ്ഥകള്‍ നിരാകരിക്കപ്പെടുമ്പോള്‍ സര്‍വ നാശമാണ് ഭവിക്കുക.നിബന്ധനകളെയും,നിയന്ത്രണങ്ങളെയും അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളായി കാണുന്നവര്‍ക്ക് ചങ്ങല പൊട്ടിച്ചെറിയാന്‍ പ്രചോദനം നല്‍കുന്നു ആഗോളീകരണത്തിന്റെ മതം.എന്നിട്ട് പുതിയ ബന്ധനം നല്‍കുന്നു.
                  ജീവിതം അതിരുകളില്ലാതെ ആസ്വദിക്കണമെങ്കില്‍ യഥേഷ്ടം പണം വേണം.പണമുണ്ടാക്കാന്‍ ഏത് വഴിയും സ്വീകാര്യമാവുന്നു.കവര്‍ച്ചയും കൊലപാതകവും തട്ടിപ്പും വഞ്ചനയും അനുവദനീയമാകുന്നു.അതിന്റെ ശാസ്ത്രീയത ന്യായവും ആയിത്തീരുന്നു.വായിച്ചും ദര്‍ശിച്ചും "ഇതൊക്കെ നിത്യ സംഭവം അല്ലേ" എന്ന അപകടകരമായ നിസംഗതയിലേക്ക് സമൂഹം പതുക്കെ ആനയിക്കപ്പെടുന്നു.അങ്ങനെ 'ക്വട്ടേഷനും' ഒരു ജോലിയായിത്തീര്‍ന്നിരിക്കുന്നു.ചങ്ങലകളില്ലാത്ത ബന്ധനങ്ങള്‍.
                  പണത്തോടുള്ള ആര്‍ത്തി മനുഷ്യസഹജമാണ്.ആ സഹജബോധത്തെയാണ് മതം നിയന്ത്രിച്ചിരുന്നത്.ആഗോളീകരണത്തിന്റെ മതം മനുഷ്യന്റെ ആര്‍ത്തിയെ ഉദ്ദീപിപ്പിക്കുന്നു.അത് കൊണ്ട് പണത്തിന്റെ സ്വാഭാവികമായ വളര്‍ചയിലല്ല പലര്‍ക്കും താല്പര്യം.വളര്‍ച്ചയുടെ കുതിര ശക്തി വര്‍ധിപ്പിക്കാനുള്ള വഴികളാണ് മിക്കവാറും പേര്‍ തേടുന്നത്.കാരണം അവര്‍ക്ക്  ജീവിതം ആസ്വദിക്കാന്‍, നിയന്ത്രണങ്ങള്‍ ഇല്ലാതെ സുഖിക്കാന്‍ അങ്ങനെ പണം ഉണ്ടായേ പറ്റൂ.അപ്പോള്‍ പുതിയ ചങ്ങലകള്‍ രൂപപ്പെടും.'മണിചെയിനുകള്‍'.
                  പണം ഇരട്ടിപ്പിക്കാന്‍ മോഹമുള്ളവരും,അത്തരക്കാരുടെ മോഹങ്ങള്‍ പൊലിപ്പിച്ച് പരമാവധി പണം കവര്‍ന്നെടുകുന്നവരും അതിനുവേണ്ടി നടത്തുന്ന 'ശാസ്ത്രീയമാര്‍ഗങ്ങള്‍' പുതിയ ചേരുവകളില്‍ അവതരിപ്പിക്കപ്പെടുമ്പോഴും ഇരകളാവാന്‍ വെമ്പി നില്‍ക്കുന്നുണ്ടാവും പലരും.നിയമവിധേയമല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്നതെന്തും നിഷിദ്ധമാണ് എന്ന് വിധിക്കുന്ന മതത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് സ്വാതന്ത്രരായവരാണ്  അതിമോഹങ്ങളുടെ അടിമകളായി മാറുന്നത്!