പണം കൈനിറയുമ്പോള്‍ ഉപഭോഗതൃഷ്ണ വര്‍ധിക്കും.പണം ഉണ്ടാക്കാനും ഉണ്ടാക്കിയ പണം ചെലവഴിക്കാനും ഏത് മാര്‍ഗവും സ്വീകര്യമാവുമ്പോള്‍,അഥവാ ഉപഭോഗസംസ്കാരം അതിന്റെ പാരമ്യതയില്‍ എത്തുമ്പോള്‍ മനുഷ്യബന്ധങ്ങള്‍ ശിഥിലമാവും.മകളും ഭാര്യയും സഹോദരിയും സ്വന്തം മാതാവ് തന്നെയും ഉപഭോഗത്തിന്റെ വിപണനമാധ്യമം ആയിത്തീരും.കേട്ടുകൊണ്ടിരിക്കുന്ന,കണ്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍,ചിന്തിക്കുക,വായിച്ചു മറക്കാനുള്ളതല്ല,ഓര്‍ത്തോര്‍ത്തു വേദനിക്കാന്‍ ഉള്ളതാണ് ഓരോ വര്‍ത്തമാനവും.ഒരു വാര്‍ത്തയും ഒറ്റപ്പെട്ടതല്ല.എല്ലാം സംഭവങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ ആണ്.
ഉപഭോഗതൃഷ്ണ വ്യക്തികളെയും കുടുംബങ്ങളെയും കൂടുതല്‍ കടക്കാരാക്കി മാറ്റുന്നുണ്ട്.ആവശ്യവും അത്യാവശ്യവും അനാവശ്യവും നിര്‍ണയിക്കാനാവാതെ എല്ലാ അനാവശ്യവും അത്യാവശ്യമയിത്തീരുന്ന മനോഭാവത്തിന്റെ ഇരയാണ് ഇന്ന് മനുഷ്യന്‍.പിശുക്കിനും ധൂര്‍ത്തിനും ഇടയിലാണ് മതം.എന്നാല്‍ ആഗോളീകരണത്തിന്റെ മതം ധൂര്‍ത്തിന്റെതാണ്.ഒരു വ്യക്തിക്ക് /കുടുംബത്തിന് ഒരു കാറ് മതിയാകും.എന്നാല്‍ ഒരു വ്യക്തി വില കൂടിയ 48 കാറുകള്‍ വാങ്ങിക്കൂട്ടുന്നത് (ആപ്പിള്‍ വിവാദം ഓര്‍ക്കുക)ഉപഭോഗതൃഷ്ണ സൃഷ്ടിച്ച മനോരോഗമാണ്.ആഗോളീകരണത്തിന്റെ ഉപഭോഗതൃഷ്ണ മനുഷ്യനെ മനോരോഗികള്‍ ആക്കി മാറ്റിയിരിക്കുന്നു.
പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തും നിങ്ങള്‍ക്ക് സ്വന്തമാക്കാം.ടെലിവിഷനും ഫ്രിഡ്ജും വാഷിംഗ് മെഷീനും കമ്പുട്ടര്‍ മുതല്‍ കാര്‍ വരെയും ഇങ്ങനെ ലഭ്യമാണ്.ഒരു ബാങ്ക് ചെക്ക് മതി,എല്ലാം നിങ്ങള്‍ക്ക് സ്വന്തം.മാരുതി കമ്പനിയുടെ പ്രശസ്തമായ ഒരു പ്രയോഗമുണ്ടല്ലോ "പണ്ട് സ്വപ്നത്തില്‍ മാരുതി,ഇപ്പോള്‍ മാരുതിയില്‍ സ്വപ്നം"അതെ,എല്ലാ സ്വപ്നവും യാഥാര്‍ത്ഥ്യം ആയിത്തീരുന്ന കാലമാണിത്.
പണം ഇല്ലാത്തവനും പണക്കാരെപ്പോലെ ജീവിക്കാം എന്നതാണ് പുതിയ മതം നല്‍കുന്ന സന്ദേശം.പിന്നെ എവിടെയാണ് പ്രശ്നം?എല്ലാം വാങ്ങിക്കൂട്ടി,സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ആത്മനിര്‍വൃതിയില്‍ കുറച്ചുനാള്‍!പ്രതിമാസം തിരിച്ചടവ് സാധ്യമാകാതെ വരുമ്പോള്‍ കടം പെരുകും.ബാധ്യത താങ്ങാനാവാതെ,ഒരു ചോദ്യത്തിനും ഉത്തരം കിട്ടാതെ ഒടുവില്‍ "ഉത്തര"ത്തില്‍ തൂങ്ങിയാടുകയോ,വിഷത്തിന് ഐസ്ക്രീമിന്റെ മധുരം പുരട്ടിയോ ജീവിതത്തിനു പര്യവസാനം."വരവറിഞ്ഞു ചെലവഴിക്കുക"എന്ന മതപാഠം,എന്തും സ്വന്തമാക്കാം എന്ന പുതിയ മതം നല്‍കിയ ത്രിഷ്ണക്ക് മുമ്പില്‍ നിഷ്പ്രഭമായതല്ലേ ഈ ദുരന്തത്തിനു കാരണം?കടക്കെണിയില്‍ പെട്ട ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക് പോലും ഇന്ന് നമ്മെ വേദനിപ്പിക്കാനാവുന്നില്ല.അത്രയ്ക്ക്, ദുരന്തങ്ങള്‍ പോലും സ്വാഭാവികതയുടെ മൂടുപടം അണി ഞ്ഞിരിക്കുന്നു!
No comments:
Post a Comment