Friday, November 4, 2011

കമ്പനികളുടെ ഭരണകാലം

സ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം സഹിക്കവയ്യാതെയാണ് ഇന്ത്യക്കാര്‍ വിമോചനപ്പോരാട്ടം നയിച്ചത്.അങ്ങനെ കിട്ടിയ ഭരണമാണ് ഇപ്പോള്‍ ഡോ.മന്‍മോഹന്‍ സിംഗിന്റെ കയ്യിലുള്ളത്.ഡോ.സിംഗ് അത് വീണ്ടും കമ്പനികള്‍ക്ക് തിരിച്ചു കൊടുത്തിരിക്കുന്നു,പെട്രോള്‍ കമ്പനികള്‍ക്ക്.അവര്‍ തോന്നിയ പോലെ വില കൂട്ടുന്നു.വില കൂട്ടുമ്പോള്‍ നഷ്ടം കൂടുന്നു.നഷ്ടം കൂടുമ്പോള്‍ പിന്നെയും വില കൂട്ടുന്നു.ഡോ.സിംഗ് പാവ കണക്കെ നിശ്ചലനായി നില്‍ക്കുന്നു.

പെട്രോള്‍,ഗ്യാസ് തുടങ്ങിയവ മുതലാളിമാര്‍ മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് ഇഷ്ടം പോലെ സബ് സിഡി നല്‍കിയിരുന്നു.ഇപ്പോള്‍ സാധാരണക്കാര്‍ അതിന്റെ ഉപഭോക്താക്കള്‍ ആയപ്പോള്‍ സബ് സിഡി കുറച്ചു കുറച്ചു ഇല്ലാതാക്കിയിരിക്കുന്നു.വില കൂടിക്കൊണ്ടെയിരിക്കുന്നു.സാധാരണക്കാരന്റെ ജീവിതം ദുരിതമയം ആയിത്തീര്‍ന്നിരിക്കുന്നു.

ഷ്ടം പോലെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൊടുത്തത് സര്‍ക്കാരിനു പറ്റിയ ഭീമാബദ്ധമായിരുന്നു.അത് മനസ്സിലാകാത്ത ഏക വ്യക്തി ഡോ സിംഗ് ആണ്.അത് മനസ്സിലായവര്‍ കോണ്‍ഗ്രസ്സില്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും,അവര്‍ ആരും പെട്രോള്‍ വില വര്‍ധനവിനെ അംഗീകരിക്കുന്നില്ലെങ്കിലും ആര്‍ക്കും ഇത് തടയാന്‍ കഴിയുന്നില്ല.ഇത് കഷ്ടമല്ലേ?

രോ തവണ വില കൂട്ടുമ്പോഴും നികുതി കുറച്ച്‌ നമ്മുടെ മുഖ്യമന്ത്രി സാധാരണക്കാരന്റെ താങ്ങായി നില്‍ക്കുന്നുണ്ട്.പക്ഷെ എത്രത്തോളം? ഇടതുപക്ഷം ഒരിക്കല്‍പ്പോലും ചെയ്യാത്തത് ആണ് ഇത്.ഉമ്മന്‍ചാണ്ടി അഭിനന്ദനം അര്‍ഹിക്കുന്നു.പക്ഷെ സംസ്ഥാനത്തിന് അത്രയും തുക നഷ്ടമായിത്തീരുന്നു.ഈ നഷ്ടം വികസനത്തെ ബാധിക്കില്ലേ? അപ്പോള്‍ നികുതി കുറയ്ക്കുകയല്ല,വില തന്നെ കുറയ്ക്കുകയാണ് ശരി.

വില കുറയ്ക്കണമെങ്കില്‍ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനു ഉണ്ടായിരിക്കണം.ഉള്ള അധികാരം കമ്പനികള്‍ക്ക് കൊടുത്തിട്ട് കയ്യും കെട്ടി നോക്കി നില്‍ക്കുന്നത് ഭരണമാണോ?അങ്ങനെയെങ്കില്‍ ഈ ഭരണം നമുക്ക് എന്തിനാണ്?ഇങ്ങനെയൊരു പ്രധാനമന്ത്രി എന്തിനാണ്?

രുപാട് നല്ല കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.പക്ഷെ അതെല്ലാം അഴിമതിയിലും വിലക്കയറ്റത്തിലും മുങ്ങിപ്പോകുന്നു.അന്ന ഹസാരെമാര്‍ ഈ സര്‍ക്കാരിന്റെ സൃഷ്ടിയാണ്,രാജയും കല്‍മാടിയും അങ്ങനെ പലരും ഈ സര്‍ക്കാരിന്റെ സൃഷ്ടിയാണ്.നഷ്ടം ഈ സര്‍ക്കാരിനും മുന്നണി  ക്കുമാണ്.അഴിമതിയും അന്ന ഹസാരെയും മതി ഈ സര്‍ക്കാരിനെ നിലംപരിശാക്കാന്‍.അത്രയ്ക്ക് വഷളായിരിക്കുന്നു കാര്യങ്ങള്‍.പോരാത്തതിനു പെട്രോളും.

താന്‍ കോണ്‍ഗ്രസ്സിന്റെ അവസാനത്തെ പ്രധാനമന്ത്രി ആയിരിക്കണം എന്ന് ഡോ.സിങ്ങിനു എന്താണ് ഇത്ര വാശി?തന്റെ റിട്ടയര്‍മെന്റ് ഉറപ്പിച്ച സ്ഥിതിക്ക് ഇനി മറ്റാരും കോണ്‍ഗ്രസ്സില്‍ നിന്ന് പ്രധാനമന്ത്രി ആകേണ്ടതില്ല എന്ന് ഡോ.സിംഗ് തീരുമാനിച്ചുവോ? ഈ നിസ്സംഗത കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകും.

ടുത്ത ഭരണം ബി ജെ പിക്ക് ദാനം നല്‍കുകയാണ് കോണ്ഗ്രസ്.ഈ രീതിയില്‍ പോയാല്‍ അക്കാര്യം ഉറപ്പാണ്‌.തലൈവര്‍ നീയോ ഞാനോ എന്ന് അദ്വാനിയും മോഡിയും തര്‍ക്കിക്കുമ്പോള്‍ പോലും രാഷ്ട്രീയത്തിലെ സാധ്യതകള്‍ കണ്ടെത്തുന്നതിനു പകരം,സ്വയം നാശത്തിന്റെ കുഴി തോണ്ടുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?

കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ഡോ.സിങ്ങിനു എന്തായാലും കഴിയില്ല.ആര്‍ക്കെങ്കിലും കോണ്‍ഗ്രസ്സില്‍  തന്നെ അതിനു കഴിയുമോ എന്ന് ഇനിയും പരിശോധിക്കാവുന്നതാണ്.രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ ഇനി ഒരു വഴിയെ ഉള്ളൂ.കമ്പനി ഭരണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക.ആയതിനു ഒരു വിമോചനസമരം കൂടി വേണ്ടി വരുമോ?

1 comment: