Tuesday, November 22, 2011

മാധ്യമങ്ങളുടെ വിചാരവും വിചാരണയും....തുടര്‍ച്ച

                   'ശിഹാബ് തങ്ങള്‍ മതേതരത്വത്തിന്റെ വക്താവാണ്‌ 'എന്ന ശ്രീ ഓ.രാജഗോപാലിന്റെ പ്രസ്താവനയെ വല്ലാതെ 'ക്രോസ്'ചെയ്ത പ്രസ്തുത അഭിമുഖം,മാറാട് പ്രശ്നത്തില്‍ മുസ്ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിറുത്താനും പ്രത്യേകതാല്‍പ്പര്യം കാട്ടി.'മാറാട് വിഷയത്തില്‍ പ്രതിസ്ഥാനത്ത് ഉണ്ട് എന്ന് സംശയിക്കപ്പെടുന്ന മുസ്ലിംലീഗിന്റെ പ്രസിഡണ്ട്‌ ആയ' ശിഹാബ് തങ്ങള്‍ക്കു മതേതരത്വത്തിന്റെ വക്താവ് എന്ന പട്ടം ചാര്‍ത്തുന്നതിന്റെ 'യുക്തിഭദ്രത'യെ  ശ്രീ വേണു ആവോളം ചോദ്യം ചെയ്തു.മാറാട് വിഷയത്തില്‍ ശിഹാബ് തങ്ങളെ ഒന്നാം പ്രതിയാക്കി സ്ഥാപിച്ചു കിട്ടുകയായിരുന്നോ ഈ ഭേദ്യങ്ങളുടെ ലക്‌ഷ്യം എന്ന് തോന്നിപ്പോകും വിധം അപഹാസ്യമായിരുന്നു പല ചോദ്യങ്ങളും.
                    മാറാട് പ്രശ്നം രമ്യമായി പരിഹരിക്കുന്നതില്‍ ശിഹാബ് തങ്ങളോ,ശ്രീധരന്‍ പിള്ളയോ,മറ്റാരെങ്കിലുമോ നേരിയ പങ്ക്‌ എങ്കിലും നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍,അത് അംഗീകരിച്ചു കൊടുക്കാനുള്ള സന്മനസ്സും,ആളിപ്പടരുമായിരുന്ന ഒരു വിഷക്കാറ്റ് കേട്ടടങ്ങിയതില്‍ ആശ്വസിക്കാനുള്ള വിശാലതയും പ്രകടിപ്പിക്കേണ്ട നേരത്ത് സംഘപരിവാരം പോലും ആരോപിച്ചിട്ടില്ലാത്ത ഒരു കാര്യം മരണത്തിനു ശേഷവും ശിഹാബ് തങ്ങളുടെ മേല്‍ ചാര്‍ത്താനുള്ള ശ്രമം എത്ര ഹീനമായിരുന്നു?പൊതുസമൂഹത്തില്‍ ശിഹാബ് തങ്ങളുടെ നിയോഗം എന്തായിരുന്നുവെന്ന്  ബോധ്യപ്പെടാത്ത ആളല്ല വേണു എന്ന മാധ്യമ പ്രവര്‍ത്തകന്‍.'താങ്കള്‍ എത്ര തവണ ചോദിച്ചാലും ശിഹാബ് തങ്ങളെ ഞാന്‍ തള്ളിപ്പറയില്ല' എന്ന് ശ്രീ രാജഗോപാല്‍ ഈ വിചാരണക്കിടെ തീര്‍ത്ത്‌ പറഞ്ഞപ്പോഴാണ് അവതാരകന്‍ അടങ്ങിയത്.ഇത്തരം ഭേദ്യങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ അംഗീകരിച്ചു കൊടുക്കേണ്ടതുണ്ടോ?
                    ആഗോളീകരണ കാലത്തെ ഉപഭോഗതൃഷ്ണ സ്ത്രീയെ ഉപഭോഗവസ്തുവാക്കി മാറ്റിയിട്ടുണ്ട്."വ്യഭിചാരം'പെണ്‍വാണിഭമായി മാറുന്നത് ഈ ഉപഭോഗ താല്പര്യത്തിന്റെ ഭാഗമായാണ്.ഈ സാമൂഹിക വിപത്തിനെതിരെ മാധ്യമങ്ങള്‍ ഉറച്ച നിലപാട് എടുക്കുന്നത് ആര്‍ക്കും ബോധ്യപ്പെടും.പക്ഷെ ഇത്തരം വാര്‍ത്തകളില്‍ ചിലത് പൂര്‍ണമായി തിരസ്കരിക്കുന്നതും ചിലത് നിരന്തരം പിന്തുടരുന്നതും കാണുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ മുന്നോട്ടു വെക്കുന്ന നിഷ്പക്ഷതയും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
                   സൂര്യനെല്ലി,കവിയൂര്‍,കിളിരൂര്‍,വിതുര,കോഴിക്കോട് എന്നീ പേരുകളില്‍ പ്രമാദമായ സ്ത്രീ പീഡനങ്ങള്‍ കേരളീയ സമൂഹം ഏറെ ചര്‍ച്ച ചെയ്തതാണ്.സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ള പല പ്രമുഖരുടെയും പേരുകള്‍ വിവിധ ഘട്ടങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിയാണ് അന്നത്തെ പ്രതിപക്ഷ നേതാവായ അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദത്തില്‍ എത്തിയത്.
                  കിളിരൂര്‍ കേസിലെ വി ഐ പി വിവാദം യഥാര്‍ത്ഥത്തില്‍ വി എസ് ഉണ്ടാക്കിയതാണ്.അഞ്ചു വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും പ്രസ്തുത വി ഐ പി യെ സമൂഹമധ്യത്തില്‍ തുറന്നു കാട്ടാന്‍ വി എസിന് കഴിഞ്ഞില്ല.ഈ വി ഐ പിയെ കണ്ടെത്താന്‍ ഒരു ദൃശ്യമാധ്യമവും ' സ്റ്റിംഗ് ഓപ്പറേഷന്‍' നടത്തിയില്ല.എന്തുകൊണ്ട്?മകളെ സന്ദര്‍ശിച്ച വി ഐ പികളില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുമെന്ന് കിളിരൂര്‍ കേസിലെ ഇരയുടെ അച്ഛന്‍ മാധ്യമങ്ങളോടും കോടതിയോടും പറഞ്ഞിട്ടും ഒരു ദൃശ്യമാധ്യമവും അത് ചര്‍ച്ചക്ക് വിധേയമാക്കിയില്ല.എന്ത് കൊണ്ട്?കോഴിക്കോട് സ്ത്രീ പീഡന കേസില്‍ ആര് പത്രസമ്മേളനം നടത്തിയാലും 'ഫ്ലാഷ് ന്യൂസ്‌ ' ആകുമ്പോള്‍ കിളിരൂര്‍ കേസിലെ ഇരയുടെ അച്ഛന്‍ തന്നെ രംഗത്ത് വന്നിട്ടും അക്കാര്യം ചര്‍ച്ച  ചെയ്യാന്‍ 'സ്റ്റുഡിയോ'കളില്‍ പ്രഗല്‍ഭരെ ക്ഷണിച്ചില്ല.എന്തുകൊണ്ട്?
                     കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ മരണത്തിനു വൈദ്യശാസ്ത്രപരമായ 17 കാരണങ്ങള്‍ ഉണ്ടെന്നു പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച അച്യുതാനന്ദന്‍ ,കേസില്‍ സിബിഐ അന്വേഷണം നടന്നപ്പോള്‍,വി.എസിനെ ചോദ്യം ചെയ്തപ്പോള്‍ തനിക്കൊന്നും അറിയില്ല എന്ന് നിസ്സംഗത പ്രകടിപ്പിക്കുകയായിരുന്നു.സ്ത്രീപീഡകരെ കയ്യാമം വെക്കാന്‍ പ്രതിജ്ഞാബദ്ധനായ വി എസിന്റെ ഈ കാപട്യം ദൃശ്യമാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചയായി വന്നില്ല,'ഇന്ത്യവിഷനി'ലെ ശ്രീമതി വീണ ജോര്‍ജ് ഈ ചോദ്യമുയര്‍ത്തിയെങ്കിലും ചോദ്യം ശ്രീമതി അജിതയോട് ആയതിനാലും അജിത സമര്‍ത്ഥമായി ഒഴിഞ്ഞു മാറിയതിനാലും ഇവ്വിഷയകമായ ചര്‍ച്ച മുന്നോട്ടു പോയില്ല. വി എസ് അച്യുതാന്ദന് തങ്ങള്‍ നിര്‍മിച്ചു കൊടുത്ത പ്രതിച്ചായ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും അച്യുതാനന്ദന് നേരെ വിരല്‍ ചൂണ്ടാന്‍ ധൈര്യപ്പെടില്ലല്ലോ.
                    ഇപ്പോള്‍,കവിയൂര്‍,കിളിരൂര്‍ കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു അച്യുതാനന്ദന്‍.അധികാരം ഉള്ള സമയത്ത് ഒന്നും ചെയ്യാതിരുന്നതിന്റെയും കിളിരൂര്‍ കേസില്‍ അന്വേഷണസംഘത്തിനു മൊഴി കൊടുക്കാതെ ഒളിചോടിയതിന്റെയും കുറ്റബോധമാണോ ഈ പുതിയ വെളിപാടിന് പിന്നില്‍? അതോ ഇത്തരം വിഷയങ്ങള്‍ 'ലൈവ്'ആക്കി നിര്‍ത്താനുള്ള തന്ത്രമോ?
                     ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ പേരില്‍ തങ്ങള്‍ക്കു പ്രത്യേക അജണ്ടകള്‍ ഉള്ള ചില കേസുകളില്‍ 'ഒളികേമറ'യും,അന്വേഷണാത്മകതയും പ്രയോഗിക്കുന്നവര്‍ ഉപരിസൂചിത കേസുകള്‍ക്ക്‌ നേരെ കണ്ണടച്ച് മാധ്യമ ധര്‍മത്തെ അപഹസിക്കുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ ഇരട്ടത്താപ്പ് വകവെച്ചു കൊടുക്കുന്നത് എങ്ങനെ?
                     മാധ്യമങ്ങള്‍ക്ക് ആരെയും വിചാരണ ചെയ്യാമെന്നും തങ്ങളെ ആരും വിമര്‍ശിക്കുകയോ തങ്ങള്‍ക്കു ഒരു നിയമവും നിയന്ത്രണവും ഏര്‍പ്പെടുത്തുകയോ ചെയ്തുകൂടാ എന്നുമുള്ള ധാരണ അംഗീകരിക്കാനാവാത്തതാണ്.ദ്രശ്യമാധ്യമങ്ങള്‍ നിര്‍ണ്ണയിക്കുന്ന അജണ്ടകള്‍ക്ക് അനുസരിച്ച് രാഷ്ട്രീയ വിചാരങ്ങള്‍ രൂപപ്പെടുന്നു എന്ന സ്ഥിതി മാറണം.
                     സാമൂഹികഇടപെടലുകളില്‍ മാധ്യമധര്‍മം പാലിക്കപ്പെടുവോളം മാത്രമേ മാധ്യമങ്ങളുടെ അപ്രമാദിത്വം അംഗീകരിച്ചു കൊടുക്കാനാവൂ.ഇല്ലെങ്കില്‍ സമൂഹത്തിന്റെ മാധ്യമ വിചാരണയും മാധ്യമങ്ങള്‍ അംഗീകരിച്ചു കൊടുക്കേണ്ടിവരും.അത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സൃഷ്ടിക്കുന്ന ബഹളം സ്വാഭാവികമായും അവഗണിക്കേണ്ടിയും വരും. 

No comments:

Post a Comment