Tuesday, November 8, 2011

കോടതിയോട് കളിച്ചാല്‍......!

ആര്‍ക്കും എന്തും എപ്പോഴും വിളിച്ചുപറയാം,ആര്‍ക്കും ആരെയും അധിക്ഷേപിക്കാം,"വായില്‍ തോന്നിയത് കോതക്ക് പാട്ട് " ഇത് സ്വാതന്ത്ര്യം ആണോ? പറഞ്ഞു പറഞ്ഞു കോടതിയെയും 'ശുംഭന്‍' എന്ന് വിളിക്കാം.അതിനൊക്കെയുള്ള അവകാശം തങ്ങള്‍ക്കുണ്ട് എന്ന തണ്ടും ഭാവവും.എന്ത് പറഞ്ഞാലും ചെയ്താലും ഒന്നും സംഭവിക്കില്ല.സംരക്ഷിക്കാന്‍  ഒരു പാര്‍ട്ടിയുണ്ടല്ലോ?


അവസാനം വിധി വന്നു.ആറു മാസം കഠിനതടവ്.രണ്ടായിരം രൂപ പിഴയും.ഈ വിധിയില്‍ ഒരു വിധിവൈപരീത്യം ഉണ്ട്.വളരെ രസകരമായ ഒന്ന്.ശ്രീ ബാലകൃഷ്ണപിള്ള ഇന്ന് ജയില്‍മോചിതനാകുന്നു.അതെ മുറിയിലേക്ക് ശ്രീ ജയരാജന്‍ കടന്നു ചെല്ലുന്നു.ശാന്തം പാവം!

കോടതി എല്ലാ അര്‍ത്ഥത്തിലും ശരിയാണ് എന്നല്ല.കോടതി വിധിയില്‍ നമുക്ക് യോജിക്കാവുന്നതും അല്ലാത്തതും ഉണ്ടാവാം.പക്ഷെ,കോടതി വിധിയെ മാത്രമല്ല,വിധിച്ച ജഡ്ജിമാരെ വരെ അസഭ്യം പറയുന്നത് മര്യാദയാണോ? ജനനേതാക്കള്‍ അല്പം മര്യാദ പാലിക്കാന്‍ ബാധ്യസ്ഥരല്ലേ? അല്ലെങ്കില്‍ ഇവര്‍ നേതാക്കള്‍ ആവുന്നതിലെ യുക്തി എന്താണ്?

കണ്ണൂരിലെ മൂന്നു ജയരാജന്മാര്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ മാലിന്യം ചെറുതല്ല.അവരുടെ ശരീരഭാഷയും ഭാഷാശൈലിയും മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതു തന്നെ.അവര്‍ ആരെയും എന്തും പറയും.ചിലപ്പോള്‍ അടിക്കും.ചിലരെ അടിക്കാന്‍ ആഹ്വാനം ചെയ്യും.വേണ്ടിവന്നാല്‍ 'ക്വട്ടേ ഷന്‍' ഏര്‍പ്പാട് ചെയ്യും.അതല്ലേ കണ്ണൂര്‍ പൊളിറ്റിക്സ്?

നമുക്ക് ചിലരെ വിമര്‍ശിക്കാം.ചിലതിനെ വിമര്‍ശിക്കാം.പക്ഷെ ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതല്ലേ?അത്തരം നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ ചിലപ്പോള്‍ ശിക്ഷകള്‍ക്ക് വിധേയമാവേണ്ടി വരും.അതാണ്‌ ഇപ്പോള്‍ സംഭവിച്ചത്.ഇത് എല്ലാവര്‍ക്കും പാഠമാണ്.ചില വ്യക്തികളെ ,ചില സ്ഥാപനങ്ങളെ മാനിക്കാന്‍ നാം ബാധ്യസ്ഥരാണ്.ആ ബാധ്യത നിര്‍വഹിക്കാന്‍ എല്ലാവരും ശീലിക്കുക തന്നെ വേണം.

ഇല്ലെങ്കില്‍ തടവറ തന്നെ ശരണം!


1 comment:

  1. മറ്റൊരു ബഷീര്‍ കൂടി ബ്ലോഗ്‌ പുലികളുടെ കൂട്ടിലേക്ക്...ഉണ്മ ബ്ലോഗിന് പരപ്പനാടന്റെ ആശംസകള്‍...

    ReplyDelete