Wednesday, November 16, 2011

മാധ്യമങ്ങളുടെ വിചാരവും വിചാരണയും

                    മാധ്യമസ്വാതന്ത്ര്യത്തിന്റെ മറവില്‍,നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ പരിധി വിടുന്നു എന്ന ആക്ഷേപം വ്യാപകമാണ്.വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലും നിര്‍ണ്ണയിക്കപ്പെട്ട ചില മാനദണ്ഡങ്ങള്‍ ഉണ്ട്.അതൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്നാണ്  ദൃശ്യമാധ്യമങ്ങളുടെ ഭാവം.തങ്ങളുടെ അജണ്ടകള്‍ നിര്‍ണ്ണയിക്കാവുന്ന വിധം വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചില വാര്‍ത്തകളെ അതിഭാവുകത്വത്തോടെ പൊലിപ്പിക്കുകയും ചില വാര്‍ത്തകളെ തമസ്കരിക്കുകയും ചെയ്യുന്നു.വാര്‍ത്തകളുടെ മേല്‍ നടത്തിയ കയ്യേറ്റത്തെ സാധൂകരിക്കാന്‍ വാര്‍ത്തയെ ചര്‍ച്ചയാക്കി മാറ്റുന്നു അങ്ങനെ വാര്‍ത്ത‍ തന്നെ ചര്‍ച്ചയും സംവാദവും ആയിത്തീരുന്നു.
                    ഒരു വാര്‍ത്ത‍ വ്യക്തിഹത്യക്ക് /മാനഹാനിക്കു കാരണമാവുകയോ ദുരുദ്ദേശ്യപരമോ ആയാല്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പത്രമധ്യമങ്ങള്‍ക്കുണ്ട്.എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ ഇത്തരം മര്യാദ പാലിക്കുന്നില്ല.പത്രമാധ്യമങ്ങളെപ്പോലെ ദൃശ്യമാധ്യമങ്ങള്‍ക്കും ചില മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കണമെന്ന ആവശ്യം ശക്തമാണ് എങ്കിലും അത്തരം ആവശ്യങ്ങള്‍ ഉയരുമ്പോള്‍ തന്നെ,മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പോകുന്നു എന്ന പ്രചാരണത്തിലൂടെ പ്രതിരോധിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ജഗരൂകരാണ്.
                    ഓരോ ദിവസത്തെയും സംഭവങ്ങള്‍ വാര്‍ത്തകളായി അവതരിപ്പിച്ചിരുന്ന രീതി-ഇന്നും ദൂരദര്‍ശന്‍ തുടരുന്ന മാതൃക-മാറുകയും ചാനല്‍ പ്രളയത്തില്‍ വാര്‍ത്താചാനലുകള്‍ സ്വയംഭൂവാകുകയും ചെയ്തപ്പോള്‍, ദൃശ്യമാധ്യമങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ കിടമത്സരം സംഭവിക്കുകയും വാര്‍ത്തകള്‍ മാധ്യമങ്ങളുടെയോ മാധ്യമപ്രവര്‍ത്തകന്റെയോ സ്വയം നിര്‍ണ്ണിത അജണ്ടകള്‍ക്ക്  ഇരയാവുകയും ചെയ്തു.ഈ അധര്‍മത്തെ മാധ്യമാസ്വതന്ത്ര്യത്തിന്റെ പേരില്‍ സമൂഹം വക വെച്ച് കൊടുക്കണമോ?
                    വാര്‍ത്തകള്‍ മാത്രമല്ല,വാര്‍ത്താധിഷ്ടിത പരിപാടികളും അഭിമുഖസംഭാഷണം വരെ മാ ധ്യധര്‍മ്മത്തിനു നിരക്കാത്ത വിധം കൃത്യമായ അജണ്ടകളോടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.തന്മൂലം ചില സംഭാഷണങ്ങള്‍ പോലും മാധ്യമവിചാരണയായി മാറിയിട്ടുണ്ട്.പ്രമുഖവ്യക്തികളെ അവരുടെ വീക്ഷണങ്ങളും സംഭാവനകളും സമൂഹത്തില്‍ അവതരിപ്പിക്കാനാണ് അവരുമായി അഭിമുഖം നടത്തുന്നത്.അതിനാവശ്യമായ ചോദ്യങ്ങള്‍ ആവാം.ചോദ്യങ്ങളില്‍ സാമര്‍ത്യവും ആകാം.പക്ഷെ ചോദ്യങ്ങള്‍ ഭേദ്യങ്ങള്‍ ആയിതീരുമ്പോള്‍ അഭിമുഖം അരോചകമായിത്തീരും.
                    ദൃശ്യമാധ്യമങ്ങളിലെ അഭിമുഖങ്ങളില്‍ ഏറ്റവും ഹൃദ്യവും മാന്യവുമായത് ജോണി ലൂക്കോസിന്റെ "നേരെ ചൊവ്വേ"(മനോരമ ടി വി) ആണ്.മാന്യമായ ചോദ്യങ്ങളിലൂടെ തനിക്കു ആവശ്യമായ ഉത്തരങ്ങള്‍ നേടിയെടുക്കുന്ന ജോണി ലൂക്കോസിന്റെ ശാന്തമായ ശരീരഭാഷ ശ്രദ്ധേയമാണ്.അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം അംഗീകരിച്ചേ പറ്റൂ.എന്നാല്‍ "റിപ്പോര്‍ട്ടര്‍"ചാനലില്‍ ശ്രീ വേണു അവതരിപ്പിക്കുന്ന 'ക്ലോസ് എന്‍കൌണ്ടര്‍' പലപ്പോഴും ഒരു കോടതിമുറിയെ നാണിപ്പിക്കുന്ന വിധം അരോചകമായിത്തീരാറണ്ട്.തന്റെ മുന്നില്‍ ഇരിക്കുന്ന മാന്യനോട് എന്തും ചോദിക്കാനുള്ള അവകാശം പതിച്ചുകിട്ടിയ ഭാവത്തില്‍ മുഖത്തേക്ക് വിരല്‍ ചൂണ്ടി,ധാര്‍ഷ്ട്യത്തോടെ ഭേദ്യം ചെയ്യുന്നത്  പതിവ് കാഴ്ചയാണ്.
                  ഈയിടെ,മാറാട് സംഭവത്തിന്റെ രമ്യമായ പരിഹാരം സംബന്ധിച്ഹു വിവാദമുയര്‍ന്നു.ശിഹാബ് തങ്ങളുടെ താല്‍പര്യപ്രകാരം ബി.ജെ.പി.മുന്‍ പ്രസിഡണ്ട്‌ അഡ്വ.പി.എസ്‌.ശ്രീധരന്‍പിള്ളയും സാദിഖ്‌ അലി തങ്ങളും മാറാട് പ്രശ്നത്തിന്റെ പരിഹാരത്തിന് വേണ്ടി ചര്‍ച്ച നടത്തിയിരുന്നു എന്നാണു വാര്‍ത്ത.ശ്രീധരന്‍പിള്ളയെ സംഘപരിവാരം തള്ളിപ്പറയുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ശ്രീ വേണു,ബി.ജെ.പി.നേതാവ്.ഓ.രാജഗോപാലുമായി അഭിമുഖം നടത്തിയത്.മാധ്യമധര്‍മ്മത്തിന്റെ എല്ലാ അതിരുകളും ഭേദിക്കുന്നതായിരുന്നു ഈ അഭിമുഖം.(തുടരും)

1 comment: